ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റതു മുതൽ ഇന്ത്യയിൽ സംഘ്പരിവാർ-ഹിന്ദുത്വ പ്രവർത്തകർ അത്യാഹ്ലാദമാണ് പ്രകടിപ്പിക്കുന്നത്. ഒരു ഇന്ത്യക്കാരൻ ഒരു കാലത്ത് ഇന്ത്യ അടക്കിവാണ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലവനായി എന്ന നിലക്കുള്ള പ്രചാരണങ്ങൾ വരെ ഹിന്ദുത്വ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ നടത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ അവാസ്തവമായ ചിത്രങ്ങളും വ്യാജ വാർത്തകളും ഇവർ പ്രചരിപ്പിക്കുന്നു. 2020ലെ ചിത്രം പങ്കുവെച്ചുകൊണ്ട് ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദീപം തെളിയിക്കുന്ന പ്രധാനമന്ത്രി ഋഷി സുനക് എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. അതുപോലെ നിരവധി ചിത്രങ്ങൾ വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്.
അതിലൊന്നാണ് ഇന്ത്യയിലെ ക്രിക്കറ്റ് താരമായ വിരാട് കോഹ്ലിക്ക് അദ്ദേഹത്തിന്റെ ബാല്യകാലത്ത് ഋഷി സുനക് പുരസ്കാരം സമ്മാനിക്കുന്നു എന്ന പേരിലുള്ള ചിത്രങ്ങൾ. ഇത് വ്യാജ വാർത്തയാണെന്ന് തെളിയിച്ചിരിക്കുകയാണ് വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്'. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായിരുന്ന പേസ് ബൗളർ ആശിഷ് നെഹ്റയിൽനിന്നും വിരാട് കോലി സമ്മാനം സ്വീകരിക്കുന്ന ചിത്രമാണ് ഹിന്ദുത്വ പ്രവർത്തകർ ഋഷി സുനകിന്റേതും കോഹ്ലിയുടേതും എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.
കോഹ്ലി തന്നെ ചിത്രം നേരത്തേ അടിക്കുറിപ്പോടെ പങ്കുവെച്ചിട്ടുരുന്നു. അതുപോലെതന്നെ വേറൊരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആശിഷ് നെഹ്റയും പ്രസ്തുത ചിത്രത്തെ കുറിച്ച് അനുസ്മരിക്കുന്നുണ്ട്. സംഘ്പരിവാർ പ്രചാരണങ്ങളെ പരിഹസിച്ചുകൊണ്ട് നിരവധി ആളുകൾ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നു. 'പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കുഞ്ഞ് വിരാട് കോലിക്ക് പുരസ്കാരം സമ്മാനിക്കുന്നു. വിദ്വേഷികൾ പറയും ഇത് ആശിഷ് നെഹ്റയാണെന്ന്' -ഒരാൾ സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.