റെയ്ഡിനു പിന്നാലെ ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്‌ത അറസ്റ്റിൽ

ന്യൂഡൽഹി: ന്യൂസ്‌ ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്‌ത അറസ്റ്റിൽ. യു.എ.പി.എ നിയമപ്രകാരം ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ന്യൂസ് പോർട്ടലിന്‍റെ എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് സ്ഥാപനത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും സ്ഥാപനം പൂട്ടി മുദ്രവെക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയത്.

മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് പ്രബീറിനെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോ. രഘുനന്ദൻ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

റെയ്ഡ് വ്യാപക പ്രതിഷേധത്തിനിടയാക്കി. വൈകീട്ടാണ് ഡൽഹി പൊലീസിന്‍റെ റെയ്ഡ് അവസാനിച്ചത്. സ്പെഷൽ സെൽ രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനും ലാപ്ടോപ്പുകളും മറ്റും പിടിച്ചെടുത്ത് നടത്തിയ പരിശോധനക്കും ഒടുവിൽ പ്രബീർ പുരകായസ്‌ത, അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - NewsClick Founder Prabir Purkayastha Arrested In Anti-Terror Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.