റാഞ്ചി: ഭീമ കൊറേഗാവ് കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിയെ റാഞ്ചിക്കടുത്തുള്ള ബഗെയ്ച്ചയിലെ വസതിയിൽനിന്ന് എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. കേസിൽ കുറ്റാരോപിതനാണ് സ്വാമിയെന്നും റാഞ്ചി എൻ.ഐ.എ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥന് അദ്ദേഹത്തെ കാണണമെന്നും എൻ.ഐ.എ സംഘം പറഞ്ഞതായി കസ്റ്റഡിയിലെടുക്കുന്ന വേളയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ 'ദ വയറി'നോട് വ്യക്തമാക്കി. 83കാരനായ സ്വാമിയോട് വളരെ മോശമായാണ് എൻ.ഐ.എ അന്വേഷണ സംഘം പെരുമാറിയതെന്നും വാറൻറ് ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ അമ്പതു വർഷമായി ഝാർഖണ്ഡിലെ പട്ടികവർഗക്കാരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് സ്റ്റാൻ സ്വാമി.
ജൂലൈ 27 മുതൽ 30 വരെയും ആഗസ്റ്റ് 16നുമായി അഞ്ചു ദിവസങ്ങളിൽ എൻ.ഐ.എ 15 മണിക്കൂർ തന്നെ ചോദ്യം ചെയ്തതായി പ്രസ്താവനയിൽ സ്വാമി വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റുകളുമായി സ്വാമിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ അദ്ദേഹത്തിെൻറ കമ്പ്യൂട്ടറിൽനിന്ന് ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാൽ, അവയെല്ലാം കെട്ടിച്ചമച്ചതാണെന്നും കള്ളത്തരത്തിലൂടെ തെൻറ കമ്പ്യൂട്ടറിൽ എത്തിച്ചതാണെന്നും സ്വാമി പ്രതികരിച്ചു. 83 വയസ്സായ തന്നെ കോവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിലൂടെ ചോദ്യം ചെയ്യാൻ എൻ.ഐ.എ തയാറാകാത്തതിെൻറ അനൗചിത്യവും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. സൊസൈറ്റി ഓഫ് ജീസസ് എന്ന പുരോഹിത സമൂഹത്തിലെ അംഗമാണ് ഫാ. സ്റ്റാൻ സ്വാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.