സിഖ് വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെതിരെ കേസെടുത്ത് എൻ.ഐ.എ

ന്യൂഡൽഹി: സിഖ് വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെതിരെ കേസെടുത്ത് എൻ.ഐ.എ. ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന നവംബർ 19ന് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന പന്നുവിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് എൻ.ഐ.എയുടെ നടപടി.

യു.എ.പി.എ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിമവിരുദ്ധ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ സ്വയം പ്രഖ്യാപിത ജനറൽ കൗൺസൽ ആണ് പന്നൂ. എയർ ഇന്ത്യക്കെതിരെ നടത്തിയ ഭീഷണി കാനഡയിലും എയർ ഇന്ത്യ സർവീസ് നടത്തുന്ന മറ്റ് രാജ്യങ്ങളിലും വലിയ സുരക്ഷ ക്രമീകരണങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിവെച്ചിരുന്നു.

നവംബർ 19ന് ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുമെന്നും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പന്നു ഭീഷണപ്പെടുത്തിയിരുന്നു.

''നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് സിഖ് ജനതയോട് ആവശ്യപ്പെടുകയാണ്. ആഗോള ഉപരോധം ഉണ്ടാകും. എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, അല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും'' -പന്നു പറയുന്നു. ഇന്ദിര ഗാന്ധി വിമാനത്താവളത്തിന്‍റെ പേര് മാറ്റുമെന്നും പന്നു ഭീഷണി സന്ദേശത്തിൽ അവകാശപ്പെട്ടു. ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ തങ്ങൾ പകരം ചോദിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു.

2019 മുതൽ തന്നെ എൻ.ഐ.എ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് ഗുർപത്‍വന്ത് സിങ് പന്നു. 2019ലാണ് പന്നുവിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. 2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എൻ.ഐ.എ കോടതി പന്നുവിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Tags:    
News Summary - NIA books Gurpatwant Singh Pannun for threatening Air India passengers in viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.