ന്യൂഡൽഹി: അഫ്ഗാനിൽ കാബൂളിലെ ഷോർ ബസാർ എരിയയിലുള്ള സിഖ് ഗുരുദ്വാരയിൽ നടന്ന വെടിവെപ്പിൽ 27 പേർ മരിച്ച സംഭവം എൻ.ഐ.എ ഏറ്റെടുത്തു. ഈ മാസം 25ന് നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. കാസർകോട് തൃക്കരിപ്പൂർ സ് വദേശി മുഹ്സിൻ നാലംഗ അക്രമണ സംഘത്തിൽ ഉണ്ടായിരുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നായിരിക്കും എൻ.ഐ .എയുടെ അന്വേഷണം ആരംഭിക്കുക.
150ഓളം ആളുകൾ പ്രാർഥിക്കുന്നതിനിടെയാണ് നാലംഗ സംഘം ഗുരുദ്വാരയിൽ വെടിവെപ്പ് ന ടത്തിയത്. ഡൽഹി ഗ്രേറ്റർ കൈലാസ് പാർട്ട്-1 സ്വദേശി തിയാൻ സിങും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് പുറത്തുവിട്ട വിഡിയോയിൽ അബു ഖാലിദ് അൽ ഹിന്ദി എന്ന് പരിചയപ്പെടുത്തുന്നയാൾ മുഹ്സിൻ ആണെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. മുഹ്സിൻ കൊല്ലപ്പെട്ടു എന്ന ഐ.എസിന്റെ സന്ദേശം തൃക്കരിപ്പൂരിലെ വീട്ടുകാർക്ക് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം ഇവിടെ കേന്ദ്രീകരിക്കുന്നത്. കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ ആദ്യഘട്ടത്തിൽ എൻ.ഐ.എ അഫ്ഗാനിലേക്ക് പോകില്ല. അഫ്ഗാൻ പൊലീസിന്റെ സഹായം തേടും. കോവിഡ് 19 ഭീഷണി അവസാനിച്ച ശേഷം അന്വേഷണ സംഘം കാബൂളിലേക്ക് പുറപ്പെടുമെന്നും എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
വിദേശത്ത് നടന്ന, ഇന്ത്യക്കാർ ഉൾപ്പെട്ടതും ഇന്ത്യക്കാരെ ബാധിച്ചതും രാജ്യതാൽപര്യങ്ങളെ ഹനിക്കുന്നതുമായ ഭീകരാക്രമണങ്ങൾ അന്വേഷിക്കാമെന്ന ഭേദഗതി വന്ന ശേഷം എൻ.ഐ.എ ഏറ്റെടുക്കുന്ന ആദ്യ കേസാണിത്.
2016ൽ ഐ.എസിൽ ചേരാൻ കേരളത്തിൽ നിന്ന് പോയ സംഘത്തിൽപ്പെട്ടയാളാണ് മുഹ്സിൻ. അബ്ദുൽ റഷീദ്, ഭാര്യ ആയിഷ എന്ന സോണിയ സെബാസ്റ്റ്യൻ, കുട്ടി എന്നിവരും മുഹ്സിനും അടക്കം 14 പേരെ കാസർകോട് നിന്ന് കാണാതായി എന്ന് 2016 ജൂലൈയിൽ ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ ഐ.എസിൽ ചേരാൻ അഫ്ഗാനിസ്താനിലേക്ക് പോയതാണെന്ന് വിവരം ലഭിക്കുന്നത്. ബീഹാർ സ്വദേശിനിയും ഡൽഹി ഒഖ്ല ജാമിഅ നഗർ ബട്ല ഹൗസ് നിവാസിയുമായ യാസ്മിൻ മുഹമ്മദ് സാഹിദ് (29) ഇതിന് റഷീദിനെയും കൂട്ടരെയും സഹായിച്ചതായും കേരള പൊലീസ് കണ്ടെത്തിയിരുന്നു.
കുട്ടിയുമായി അഫ്ഗാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 2016 ആഗസ്റ്റ് ഒന്നിന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാസ്മിൻ പിടിയിലായതോടെ കേസ് എൻ.ഐ.എ ഏറ്റെടുത്തു.
പിന്നീട് റഷീദിനൊപ്പം മുഹ്സിൻ അടക്കമുള്ളവർ ഐ.എസിൽ ചേരാൻ അഫ്ഗാനിലെ നൻഗർഹർ പ്രവിശ്യയിലേക്ക് പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.