ഞായറാഴ്ച മുതൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ; മാളുകൾ എട്ടുമണി വരെ മാത്രം

മുംബൈ: ഞായറാഴ്ച മുതൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു. ഷോപ്പിങ് മാളുകളിൽ രാത്രി 8 മുതൽ രാവിലെ ഏഴുവരെ നിരോധനം ഏർപ്പെടുത്തും.

ലോക് ഡൗൺ പ്രഖ്യാപിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ചികിത്സാസൗകര്യങ്ങൾ കുറഞ്ഞുവരുന്നുണ്ട്. അതിനാൽ ആശുപത്രികളിൽ ആവശ്യത്തിന് കിടത്തിചികിത്സിക്കാനാവശ്യമായ സംവിധാനവും മരുന്നുകളും കരുതണമെന്ന് ആരോഗ്യപ്രവർത്തകരോട് അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വെള്ളിയാഴ്ച മാത്രം മഹാരാഷ്ട്രയിൽ 36,902 കോവിഡ് രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 112 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തിനകം 1,30,000 കോവിഡ് രോഗിബാധിതർ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 5,513 രോഗികളുണ്ട്. ഒൻപത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്താകമാനം റിപ്പോർട്ട ചെയ്ത കേസുകളിൽ പകുതിയലധികം മഹാരാഷ്ട്രയിലാണ്. ഓഫിസുകളിലും ഫാക്ടറികളിലുമായി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് പേർ തിരിച്ചെത്തിയതോടെ മുംബൈയിൽ കോവിഡ് രോഗികളുടെ നിരക്ക് കുതിച്ചുയരുകയാണ്.

കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കപ്പെട്ടില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഉദ്ധവ് താക്കറെ നേര്തതേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുൻകൂട്ടി അറിയിക്കാതെ പെട്ടെന്ന് ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.