ന്യൂഡൽഹി: 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് കടന്ന വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരൻ നെഹൽ ദീപക് മോദിക്കെതിരെ അമേരിക്കയിൽ കേസ്. എൽ.എൽ.ഡി ഡയമണ്ട്സ് യു.എസ്.എ എന്ന കമ്പനിയിൽ നിന്ന് ഒരു ദശലക്ഷം ഡോളർ വിലമതിക്കുന്ന വജ്രങ്ങൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് കുറ്റം.
മൻഹാട്ടൺ ഡിസ്ട്രിക്റ്റ് അറ്റോർണി സി വാൻസ് ജൂനിയറിന്‍റെ ഒാഫീസ് ഡിസംബർ 18ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയിൽ നിന്ന് അനുകൂല വായ്പാ നിബന്ധനകൾക്ക് വേണ്ടി 2.6 മില്യൺ ഡോളറിലധികം വിലമതിക്കുന്ന രത്നങ്ങൾ നേടിയെന്നും ഇത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നും ആണ് നെഹൽ മോദിക്കെതിരായ പരാതി.
2019 സെപ്റ്റംബറിൽ ബാങ്ക് തട്ടിപ്പ് കേസിൽ നെഹൽ മോദിക്കെതിരെ ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും നീരവ് മോദിയെ സഹായിച്ചെന്നാണ് സഹോദരൻ നെഹലിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നത്.
2018 ജനുവരിയിൽ രാജ്യംവിട്ട നീരവ് മോദി ഒരു വർഷം പിന്നിട്ടതിനു ശേഷമാണ് ലണ്ടനിൽ അറസ്റ്റിലാവുന്നത്. നീരവിനെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ബാങ്ക് വായ്പ തട്ടിപ്പുകേസിൽ മോദിയും അമ്മാവൻ മെഹുൽ ചോംസ്കിയുമാണ് പ്രധാന പ്രതികൾ. തട്ടിപ്പു പുറത്തുവന്ന ഉടൻ ഇരുവരും ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.