കേരളത്തിന്‍റെ നികുതി വർധന മറയാക്കി കേന്ദ്രം പാർലമെന്‍റിൽ

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ പ്രത്യേക സെസ് മറയാക്കി കേന്ദ്രത്തിന്‍റെ വിവിധ നികുതി സമാഹരണ നിർദേശങ്ങളെ ന്യായീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ലിറ്ററിന് രണ്ടു രൂപ വീതം സാമൂഹിക സുരക്ഷ സെസാണ് കേരളം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്രം രണ്ടു തവണ എക്സൈസ് തീരുവ കുറച്ചു. പക്ഷേ, ആനുപാതികമായി സംസ്ഥാന നികുതി കുറക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം -മന്ത്രി പറഞ്ഞു.

ലോക്സഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു നിർമല സീതാരാമൻ. സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം കിട്ടുന്നില്ലെന്ന് നിരവധി എം.പിമാർ ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രി അംഗീകരിച്ചില്ല. നടപ്പു വർഷത്തേക്കാൾ 2.91 ലക്ഷം കോടി രൂപ കൂട്ടി 17.98 ലക്ഷം കോടി രൂപയാണ് അടുത്ത സാമ്പത്തിക വർഷം നൽകുന്നത്.

മൂലധന ചെലവിനത്തിൽ യു.പി.എ സർക്കാറിന്‍റെ അവസാന ബജറ്റ് നീക്കിവെച്ചത് 2.91 ലക്ഷം കോടിയാണെങ്കിൽ പുതിയ ബജറ്റിൽ 10 ലക്ഷം കോടിയാണ്. വികസനാവശ്യങ്ങളും സാമ്പത്തിക അച്ചടക്കവുമായുള്ള സന്തുലനത്തിന് കേന്ദ്രബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഏഴു ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് റിബേറ്റ് അനുവദിക്കുന്ന പുതിയ ആദായനികുതി സമ്പ്രദായം നികുതി ദായകർക്ക് കൂടുതൽ ലാഭകരമാണ്.

ഒമ്പതു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് പുതിയ നികുതി സമ്പ്രദായം പ്രയോജനപ്പെടില്ലെന്ന എൻ.കെ. പ്രേമചന്ദ്രന്‍റെ വാദം മന്ത്രി നിരാകരിച്ചു. രണ്ടര ലക്ഷത്തിൽ നിന്ന് നികുതിയൊഴിവ് പരിധി മൂന്നുലക്ഷം രൂപയാക്കി. 50,000 രൂപയുടെ പൊതുകിഴിവും അനുവദിക്കും. മധ്യവർഗ നികുതിദായകർക്ക് വളരെ ആകർഷകമാണ് പുതിയ നികുതി സമ്പ്രദായം. ഏഴു ലക്ഷം വരെയുള്ള വാർഷിക വരുമാനത്തിന് നിരുപാധിക റിബേറ്റുണ്ട്. മൂന്നു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്കായി വിവിധ സ്ലാബുകൾ നിശ്ചയിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

Tags:    
News Summary - nirmala sitharaman about kerala cess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.