'അയോധ്യ പോലെ നിഷാദ് രാജിലും പച്ചപതാക മാറ്റി കാവി പതാകയുയർത്തും'; മുസ്​ലിം​ പള്ളി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നിഷാദ് പാർട്ടി

ലഖ്നോ: ഉത്തർപ്രദേശിലെ ശൃംഗ്വേർപൂർധാമലിലെ നിഷാദ് രാജിൽ നിന്നും പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ബി.ജെ.പി സഖ്യകക്ഷിയായ നിഷാദ് (നിർബൽ ഇന്ത്യൻ ശോഷിത് ഹമാര ആം ദൽ) പാർട്ടി. അയോധ്യയിൽ സംഭവിച്ചത് പോലെ പള്ളിയിൽ നിന്നും പച്ചക്കൊടി നീക്കം ചെയ്യുമെന്നും പകരം കാവി പതാക ഉയർത്തുമെന്നും പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

വിഷയം ഉന്നയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, ആഭ്യന്തര മന്ത്രി അമിത്ഷായെയും നേരിൽ കണ്ട് വിഷയം ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്നും എങ്ങനെയാണോ പച്ചപതാക നീക്കം ചെയ്തത്, അത് തന്നെയാണ് ജനാധിപത്യപരമായ രീതിയിൽ ശൃംഗ്വേർപൂര്ധാമിൽ ഞങ്ങൾ ആവശ്യപ്പെടുന്നത്" - സഞ്ജയ് നിഷാദ് വ്യക്തമാക്കി. നിഷാദ് രാജ് കൂടി ഭാഗമായ ഇന്ത്യൻ സംസ്കൃതിയുടെ ആശയങ്ങളുമായി ബി.ജെ.പിക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത് കൊണ്ടാണ് പണ്ട് ബാബരി മസ്ജിദ് തകർക്കാൻ സാധിച്ചത്. 2013ൽ താൻ പ്രദേശം വൃത്തിയാക്കാൻ വരുന്നത് വരെ അവിടെ പള്ളിയുള്ളതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ പിന്നീട് പള്ളി നിർമിക്കപ്പെടുകയും അത് ഏക്കറുകളോളം വ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ ഇടപെടലിനാൽ പ്രദേശത്തെ വികസനത്തിനായി സർക്കാർ 2 കോടി രൂപയോളം മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

14വർഷത്തെ വനവാസത്തിനിടെ ശ്രീരാമനെ ഗംഗ കടക്കാൻ സഹായിച്ച നദീതട വംശത്തിന്‍റെ തലവനായ നിഷാദ് രാജിന്‍റെ വാസസ്ഥലമാണ് ശൃംഗ്വേർപൂർധാം കണക്കാക്കുന്നത്. 2013മുതൽ നിഷാദ് രാജ് ജയന്തി, വിമുക്തി ദിവസ് തുടങ്ങിയ നിഷാദ് പാർട്ടി ആഘോഷിക്കുന്നുണ്ട്. 2022ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യകക്ഷിയായി പാർട്ടി മത്സരിച്ചിരുന്നു. സഞ്ജയ് നിഷാദിന്‍റെ ഒരു മകൻ ശ്രാവൺ നിഷാദ് ബി.ജെ.പി എം.എൽ.എയും മറ്റൊരു മകൻ പ്രവീൺ നിഷാദ് ബി.ജെ.പി എം.പിയുമാണ്.

Tags:    
News Summary - NISHAD party to abolish muslim mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.