പട്ന: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടിയായി ഘടക കക്ഷി മന്ത്രി രാജിവെച്ചു. നിതീഷ് സർക്കാരിലെ ഘടക കക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയിലെ മന്ത്രി സന്തോഷ് കുമാർ സുമൻ ആണ് രാജി വെച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാരിൽ പട്ടിക ജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. അതേസമയം സഖ്യം വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജെ.ഡി.എസുമായി ലയിക്കാൻ വലിയ സമ്മർദമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ മകനാണ് സന്തോഷ്.
''ഞങ്ങളുടെ പാർട്ടിയുടെ നിലനിൽപ് ഭീഷണിയിലാണ്. പാർട്ടിയെ സംരക്ഷിക്കാനാണ് രാജി.''-സന്തോഷ് കുമാർ പറഞ്ഞു. ''ഞങ്ങളെ പ്രതിപക്ഷ സമ്മേളനത്തിന് ക്ഷണിച്ചിട്ടില്ല. ഒരു പാർട്ടിയായി പോലും അംഗീകരിച്ചിട്ടില്ല.പിന്നെ എങ്ങനെ ക്ഷണിക്കാനാണ്?''-അദ്ദേഹം ചോദിച്ചു. സന്തോഷ് കുമാറിന്‍റെ പാർട്ടിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്.എ.എം) പട്നയിൽ ജൂൺ 23ന് നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''കാട്ടിൽ പലവിധ ജീവികളുണ്ട്. സിഹം മുതൽ അവ വേട്ടയാടുന്ന ചെറുജീവികൾ വരെ. വേട്ടയാടാൻ ശ്രമിക്കുമ്പോൾ അവ രക്ഷപ്പെടാനാണ് ശ്രമിക്കാറ്. ഈ സഖ്യത്തിൽ സുരക്ഷിതരല്ലെന്ന് കണ്ട് ഞങ്ങളും രക്ഷപ്പെടുകയാണ്.''-മന്ത്രി വ്യക്തമാക്കി. അതേസമയം, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ അംഗമാകുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ഞങ്ങളുടെത് സ്വതന്ത്ര പാർട്ടിയാണെന്നും സന്തോഷ് കുമാർ സുമൻ കൂട്ടിച്ചേർത്തു.
ദലിത് വോട്ട് ബാങ്കുള്ള പാർട്ടി സഖ്യം വിട്ടാൽ നിതീഷ് കുമാറിന്റെ മഹാസഖ്യത്തിന് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.