ന്യൂഡൽഹി: കോവിഡ്കാലത്തെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒപ്പത്തിനൊപ്പം മുന്നേറാൻ ഒറ്റക്കാരണം മാത്രം -സ്വാർഥത മൂത്ത പ്രതിപക്ഷപാർട്ടികളുടെ ഐക്യമില്ലായ്മ. കപ്പിനും ചുണ്ടിനുമിടയിൽ എന്നപോലെ അധികാരസാധ്യതകൾ ആടിക്കളിച്ചതിന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തേണ്ടത് മറ്റാരെയുമല്ല -പരസ്പരം തന്നെ.
പ്രത്യക്ഷത്തിൽ പ്രതികൂല സാഹചര്യങ്ങൾ മാത്രമായിരുന്നു ബി.ജെപിക്കു മുന്നിൽ. സഖ്യകക്ഷി നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിെൻറ ജനപിന്തുണ ചോർന്നൊലിച്ചു. അതിനു പുറമെ പാളയത്തിൽ പട. നിതീഷിനെയും ജനതാദൾ-യുവിനെയും തോൽപിക്കാൻ കച്ചകെട്ടിയ ചിരാഗ് പാസ്വാൻ. എല്ലാറ്റിനും പുറമെ, ജീവനും തൊഴിലും അപകടത്തിലാക്കിയ കോവിഡ് സാഹചര്യങ്ങൾ.
മഹാസഖ്യമെന്ന പേരിനപ്പുറം, പ്രതിപക്ഷം സ്വന്തം ഇടത്തിനുവേണ്ടി കടിപിടി കൂടി. ആർ.ജെ.ഡിയും യുവനേതാവ് തേജസ്വി യാദവും അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്തതാണ്. കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ചേർത്തുനിർത്തിയത് അങ്ങനെയാണ്. ബി.ജെ.പി വിരുദ്ധരെല്ലാം ഒന്നിച്ചായിരുന്നില്ല.
സീറ്റെല്ലാം പിടിച്ചുവാങ്ങിയ കോൺഗ്രസിെൻറ പ്രകടനം വളരെ മോശം. നല്ല സ്ഥാനാർഥികൾപോലും ഉണ്ടായില്ല. ബൂത്തുതല പ്രവർത്തനങ്ങൾക്ക് ആളുണ്ടായില്ല. സി.പി.ഐ-എം.എല്ലിെൻറ മുന്നേറ്റമാണ് സി.പി.എമ്മിനും സി.പി.ഐക്കും ഇടതു പാർട്ടി മുന്നേറ്റമെന്നു പറയാൻ പ്രധാനമായും വകയുണ്ടാക്കിയത്.
ബി.ജെ.പി വിരുദ്ധരെയെല്ലാം ഒന്നിച്ചുനിർത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം രണ്ടു ഡസൻ സീറ്റിലെങ്കിലും ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ചു. ബി.ജെ.പി സഖ്യം വിട്ട് പ്രതിപക്ഷത്ത് എത്തിയ ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എസ്.പിയെ സീറ്റുകളിൽ വീട്ടുവീഴ്ച ചെയ്ത് ഉൾക്കൊള്ളിക്കാൻ ആരും തയാറായില്ല. മായാവതിയുടെ ബി.എസ്.പി അടക്കം ചെറുകക്ഷികളും ബി.ജെ.പി വിരുദ്ധ പക്ഷത്തെ വോട്ടാണ് ചോർത്തിയത്.
15 വർഷത്തെ ഭരണത്തിനൊടുവിൽ നിതീഷ്കുമാറിെൻറ പ്രതിച്ഛായ വല്ലാതെ തകർന്നുപോയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തണൽപറ്റി നിന്നാണ് നിതീഷ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ച, ബിഹാറിൽ തിരിച്ചെത്തിയ 40 ലക്ഷം വരുന്ന അന്തർസംസ്ഥാന തൊഴിലാളികളുടേതടക്കം രൂക്ഷമായ തൊഴിലില്ലായ്മ, പ്രളയ പുനരധിവാസം, വികസന വിഷയങ്ങൾ എന്നീ കാര്യങ്ങളിലെല്ലാം നിതീഷിനോട് കടുത്ത രോഷം പ്രകടമായിരുന്നു.
കോവിഡ് മഹാമാരി, സാമ്പത്തിക തകർച്ച, ലോക്ഡൗൺ വിഷയങ്ങൾ, വികസന മുരടിപ്പ് എന്നിവയെല്ലാം ദേശീയതലത്തിൽ മോദി സർക്കാറിനെ വേട്ടയാടിയിട്ടും മോദി പ്രചാരണരംഗം നയിച്ചാണ് സോഷ്യലിസ്റ്റ് ഭൂമികയായ ബിഹാറിൽ ബി.ജെ.പിയെ മുന്നിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.