ബിഹാറിലെ നിതീഷ് കുമാർ സർക്കാർ ഇന്ന് വികസിപ്പിക്കും, ആർ.ജെ.ഡിക്ക് 16 മന്ത്രിമാർ

പട്ന: ആഗസ്റ്റ് പത്തിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ജെ.ഡി (യു) -ആർ.ജെ.ഡി- കോൺഗ്രസ് സഖ്യ സർക്കാർ ഇന്ന് വികസിപ്പിക്കും. രാവിലെ 11.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.

ആർ.ജെ.ഡിക്ക് സ്പീക്കർ പദവി കൂടാതെ 16 മന്ത്രിമാരെയും ജെ.ഡി.യുവിന് 11 മന്ത്രിമാരെയും ലഭിക്കും. കോൺഗ്രസിന് രണ്ടും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചക്ക് (എച്ച്.എ.എം) ഒരു മന്ത്രിയെയും ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു സ്വതന്ത്ര എം.എൽ.എയും മന്ത്രിസഭയിൽ ഇടംപിടിക്കും. ആഗസ്റ്റ് 24ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിലാണ് സഖ്യ സർക്കാർ.

മുഖ്യമന്ത്രിയായി ജെ.ഡി (യു) അധ്യക്ഷൻ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിസഭാ വികസനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. മന്ത്രിസഭയിൽ 36 അംഗങ്ങളെ പാടുള്ളൂ. 

ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറന്തള്ളിയാണ് ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം അധികാരത്തിലേറിയത്. ബി.ജെ.പി സഖ്യത്തിൽ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സഖ്യം അവസാനിപ്പിച്ച് പ്രതിപക്ഷ ചേരിക്കൊപ്പം ചേരുകയായിരുന്നു.

ബിഹാർ നിയമസഭയിൽ 242 അംഗങ്ങളാണ് ഇപ്പോഴുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ മതി. ആർ.ജെ.ഡി 79, ജെ.ഡി.യു 44, കോൺഗ്രസ് 19, സി.പി.ഐ-എം.എൽ 12, സി.പി.ഐ 2, സി.പി.എം 2 എന്നിങ്ങനെ 160 എം.എൽ.എമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്. ബി.ജെ.പിക്ക് 77ഉം ഒപ്പമുള്ള ഹിന്ദുസ്ഥാനി അവാമി മോർച്ചക്ക് നാലും സീറ്റാണുള്ളത്.

നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017ൽ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ സഖ്യം പൊളിയുകയായിരുന്നു.

Tags:    
News Summary - Nitish Kumar led-Mahagatbandhan government to expand Cabinet today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.