ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി പദത്തിൽ 69കാരനായ നിതീഷ്കുമാറിന് നാലാമൂഴം. പട്നയിൽ എം.എൽ.എമാരുടെ യോഗം നിതീഷിെന ഐകകണ്ഠ്യേന തെരഞ്ഞെടുത്തതോടെയാണ് മുഖ്യമന്ത്രി മാറുമെന്ന ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമായത്. നിതീഷ് സർക്കാർ തിങ്കളാഴ്ച ഉച്ചക്കു ശേഷം അധികാരമേൽക്കും. തർകിഷോറും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാവും.
എൻ.ഡി.എ ഘടകകക്ഷികളായ ജനതാദൾ -യു, ബി.ജെ.പി, എച്ച്.എ.എം (എസ്) വി.ഐ.പി പാർട്ടികളുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ യോഗത്തിൽ പങ്കെടുത്തു. എൻ.ഡി.എ യോഗത്തിനു മുമ്പ് പുതിയ ബി.ജെ.പി എം.എൽ.എമാരുടെ യോഗം നടന്നിരുന്നു.
നേതാവായി പ്രഖ്യാപിച്ചതിന് പിറകെ നേതാക്കൾ ഗവർണറെ ചെന്നുകണ്ട് തങ്ങൾ പിന്തുണക്കുന്ന എം.എൽ.എമാരുടെ പട്ടിക കൈമാറി. 2005ന് ശേഷം ജെ.ഡി.യുവിന് ഏറ്റവും കുറഞ്ഞ എം.എൽ.എമാരുള്ള നിയമസഭയാണിത്. ജനവിധി നിതീഷിനെതിരാണെന്നും 40 എം.എൽ.എമാർ മാത്രമുള്ള പാർട്ടിയുടെ നേതാവെങ്ങനെ മുഖ്യമന്ത്രിയാകുമെന്നും പ്രതിപക്ഷം ചോദിച്ചു.
ബിഹാർ അതിെൻറ ബദൽ കണ്ടെത്തുമെന്നും അതുടനുണ്ടാകുമെന്നും ആർ.ജെ.ഡി നേതാവ് മനോജ് കുമാർ ഝാ എം.പി പറഞ്ഞു. ഒരുപക്ഷേ, ഒരാഴ്ചകൊണ്ടാകാം. അല്ലെങ്കിൽ 10 ദിവസമോ ഒരു മാസമോ ആയേക്കാമെന്നും. ഏതായാലും അത് സംഭവിക്കുമെന്നും ഝാ വ്യക്തമാക്കി. പട്ടിക കൈമാറി. ആദ്യ മന്ത്രിസഭ യോഗം ചേർന്ന് നിയമസഭ സമ്മേളന തീയതി നിശ്ചയിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. 243 അംഗ ബിഹാർ നിയമസഭയിൽ 125 എം.എൽ.എമാരുടെ പിന്തുണയോടെയാണ് നിതീഷ് അധികാരം നിലനിർത്തിയത്. അതേസമയം, കഴിഞ്ഞ നിയമസഭയിൽ 71 എം.എൽ.എമാരുണ്ടായിരുന്ന ജെ.ഡി.യുവിന് ഇത്തവണ 43 പേർ മാത്രമാണുള്ളത്.
കക്ഷി നേതാക്കളായി പിന്നാക്ക അംഗങ്ങൾ
പട്ന: ബിഹാറിലെ പുതിയ എൻ.ഡി.എ സർക്കാറിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ. ബി.ജെ.പി നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട തർകിഷോർ പ്രസാദ്, ഉപനേതാവ് രേണു ദേവി എന്നിവർ തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സംസ്ഥാനത്തിെൻറ ചുമതലയുള്ള ഭുപേന്ദ്രയാദവ്, തെരഞ്ഞെടുപ്പ് ചുമതല വഹിച്ച ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന നിയമസഭ കക്ഷിയോഗം തികച്ചും അപ്രതീക്ഷിതമായാണ് രാഷ്ട്രീയവൃത്തങ്ങളിൽ തീർത്തും അപരിചിതരായ ഇരു നേതാക്കളെയും തിരഞ്ഞെടുത്തത്. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി തർകിഷോറിനെ നാമനിർദേശം ചെയ്യുകയും എം.എൽ.എമാർ ഏകസ്വരത്തിൽ പിന്തുണക്കുകയുമായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
നാലു തവണയായി കതിഹാർ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മുൻ എ.ബി.വി.പി നേതാവായ തർകിഷോർ പിന്നാക്ക സമുദായമായ കൽവാർ ജാതിയിൽനിന്നുള്ളയാളാണ്. നാലുവട്ടം ബേട്ടിയ എം.എൽ.എയായ രേണു ദേവി ഏറെ പിന്നാക്കമായ നോനിയ സമുദായക്കാരിയാണ്. രണ്ടാം എൻ.ഡി.എ സർക്കാറിൽ മന്ത്രിയായിരുന്നു. മുന്നാക്ക ജാതിക്കാരുടെ പാർട്ടിയായി അറിയപ്പെടുന്ന ബി.ജെ.പി ബിഹാറിെൻറ ജാതിസമവാക്യങ്ങൾക്കനുസൃതമായി സ്വാധീനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പിന്നാക്ക സമൂഹങ്ങളിൽനിന്നുള്ള നേതാക്കളെ ഉന്നത പദവിയിൽ നിയോഗിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.