പട്ന: ബിഹാറിലെ ജാതി സർവേ പട്ന ഹൈകോടതി സ്റ്റേ ചെയ്തു. സർവേക്കെതിരായ ഒരു കൂട്ടം ഹരജികളിൽ വാദംകേട്ട ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് മധുരേശ് പ്രസാദ് എന്നിവരുടെ ബെഞ്ച്, സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് നിർദേശിച്ചു. ഇതിനകം ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം. കേസിൽ അന്തിമ വിധി വരുന്നതുവരെ വിവരങ്ങൾ ആർക്കും നൽകരുതെന്നും കോടതി നിർദേശിച്ചു.
കേസ് ജൂലൈ ഏഴിന് വാദംകേൾക്കാൻ മാറ്റി. ഹരജിയിൽ സർവേ നടപടികൾക്കെതിരായി ഉന്നയിക്കുന്ന കാര്യങ്ങൾ വിലയിരുത്തിയതായും സർവേ വിവരങ്ങളുടെ (ഡേറ്റ) സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ വിശദമായി സർക്കാർ പരിഗണിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന് ഇപ്പോഴുള്ളപോലുള്ള ജാതി സർവേ നടത്താനുള്ള അധികാരമില്ലെന്നാണ് പ്രഥമദൃഷ്ട്യാ തങ്ങളുടെ അഭിപ്രായമെന്നും ബെഞ്ച് പറഞ്ഞു. സെൻസസ് പോലുള്ള കാര്യങ്ങൾ ഇങ്ങനെ നടക്കുന്നത് പാർലമെന്റിന്റെ അധികാരത്തെതന്നെ ബാധിക്കുന്നതാണ്. വിവിധ പാർട്ടികളുടെ നേതാക്കൾക്ക് സർവേ ഡേറ്റ നൽകാനുള്ള സർക്കാറിന്റെ താൽപര്യം ആശങ്കയുണ്ടാക്കുന്നതാണ്. സ്വകാര്യത അവകാശവുമായി ബന്ധപ്പെട്ട വിഷയമാണിത് -കോടതി പറഞ്ഞു.
ജനുവരി ഏഴു മുതൽ 21 വരെയാണ് ബിഹാറിൽ ജാതി സർവേയുടെ ഒന്നാം ഘട്ടം. ഏപ്രിൽ 15ന് രണ്ടാം ഘട്ടം തുടങ്ങി. ഇത് മേയ് 15 വരെ നീളുന്നതായിരുന്നു.
വ്യക്തികളും സംഘടനകളും നൽകിയ ഹരജികളാണ് ഹൈകോടതി പരിഗണിച്ചത്. ഇവർ നേരത്തേ ഹരജിയുമായി സുപ്രീംകോടതിയിലെത്തിയിരുന്നെങ്കിലും ഉന്നത കോടതി ഹരജികൾ ഹൈകോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ജാതി സെൻസസ് അല്ല നടത്തുന്നതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. ജനങ്ങളുടെ സാമ്പത്തികസ്ഥിതിയും ജാതിയും സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. ഇത് ജനങ്ങളുടെ സാഹചര്യമറിഞ്ഞ് അവർക്ക് വേണ്ടത് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യമാണെന്നും നിതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.