ബിഹാർ തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ എൽ.ജെ.പിയും ബി.ജെ.പിയും ചേർന്നാണ് സർക്കാർ രൂപീകരിക്കുക എന്നായിരുന്നു ചിരാഗ് പാസ്വാൻ പറഞ്ഞത്. എൻ.ഡി.എ വിട്ട് 137 മണ്ഡലങ്ങളിൽ തനിച്ചു മത്സരിക്കാൻ ധൈര്യം കാട്ടിയപ്പോഴും ഒരു വെടിക്കുള്ള മരുന്ന് ചിരാഗിനുണ്ടായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതി. എന്നാൽ, രംഗത്തിന് തിരശീല വീഴുമ്പോൾ വെറും ഒരു സീറ്റ് മാത്രം നേടി അപ്രസക്തമാവുകയാണ് എൽ.ജെ.പി. ഒരുപക്ഷേ, നിതീഷ് കുമാറിനെ നിഷ്പ്രഭനാക്കുക എന്ന രാഷ്ട്രീയ തന്ത്രം ഒരുപരിധി വരെ ഫലിച്ചിരിക്കാമെങ്കിലും ആകെത്തുകയിൽ എൽ.ജെ.പിക്ക് കനത്ത നഷ്ടമാണ്. ഇരിക്കുന്ന കൊമ്പാണ് മുറിച്ചതെന്ന് വിമർശനമുയർന്നു കഴിഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ചിരാഗ് പാസ്വാൻ എന്ന യുവനേതാവും അദ്ദേഹത്തിന്‍റെ ലോക് ജനശക്തി പാർട്ടിയും തീരുമാനിക്കുമ്പോൾ ജയപരാജയങ്ങൾക്കെല്ലാം അപ്പുറം മുന്നിൽ ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു, നിതീഷ് കുമാറിനെ താഴെയിറക്കുക. അതിനുവേണ്ടി തോൽക്കാനും ജയിക്കാനും തയാറായാണ് ചിരാഗ് പാസ്വാൻ ഈ തെരഞ്ഞെടുപ്പിനിറങ്ങിയത്. പിതാവിനെ ചതിച്ചവരോട് ഒരു കാരണവശാലും സന്ധിയില്ലെന്ന ഉറച്ച നിലപാടും സഖ്യത്തിൽ അണിചേരാതെ ബി.ജെ.പിക്ക് നൽകിയ അടിയുറച്ച പിന്തുണയും രാഷ്ട്രീയ സമവാക്യങ്ങളെ അൽപ്പം കുഴച്ചുമറിക്കുക തന്നെ ചെയ്തു.
ദേശീയതലത്തിൽ എൻ.ഡി.എ മുന്നണിക്കൊപ്പം നിൽക്കുമ്പോഴും ബിഹാറിൽ ജെ.ഡി.യുവിനെ എതിർത്തുകൊണ്ട് മുന്നണിയിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു തീരുമാനം. എന്നാൽ, ജെ.ഡി.യു മത്സരിച്ച ഇടങ്ങളിലൊക്കെ സ്ഥാനാർഥികളെ നിർത്തിയപ്പോഴും ബി.ജെ.പി മത്സരിക്കുന്ന മണ്ഡലങ്ങളിൽ എൽ.ജെ.പി മത്സരിച്ചില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബി.ജെ.പി-എൽ.ജെ.പി സർക്കാർ അധികാരത്തിൽ വരുമെന്ന ചിരാഗിന്‍റെ പ്രസ്താവനയെ ആരും ചിരിച്ചു തള്ളാത്തത് മുൻ അനുഭവത്തിൽ നിന്നാണ്. 2005ൽ എൽ.ജെ.പി തനിച്ച് മത്സരിച്ചപ്പോൾ വീണത് ലാലു പ്രസാദ് യാദവ് എന്ന വന്മരമാണ്. അതേ നിലപാടും തന്ത്രങ്ങളും ഇത്തവണ ആവർത്തിച്ചപ്പോൾ വീഴ്ത്താൻ ലക്ഷ്യമിട്ടത് നിതീഷ് കുമാറിനെ.
അന്തരിച്ച കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍റെ രണ്ടാം വിവാഹത്തിലുണ്ടായ മകനാണ് ചിരാഗ് കുമാർ പാസ്വാൻ. 1982 ഒക്ടോബർ 31ന് ജനനം. ഡൽഹിയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ശേഷം ഝാൻസി ബണ്ഡേൽഖാൻ സർവകലാശാലയിൽ നിന്ന് ബി.ടെക്. ചെറുപ്പത്തിൽ സിനിമയോടായിരുന്നു താൽപര്യം. 2011ൽ കങ്കണ റണാവതിനൊപ്പം മിലേ നാ മിലേ ഹം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം. എന്നാൽ, ഒരു നടനായി വളരാൻ ചിരാഗിന് സാധിച്ചില്ല.
2009ൽ ഹാജിപൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാം വിലാസ് പാസ്വാന്‍റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച് ചിരാഗ് രാഷ്ട്രീയ പ്രവേശന മുന്നൊരുക്കം നടത്തിയിരുന്നു. 2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ജാമുയി മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണ് ചിരാഗ് സജീവമാകുന്നത്. എൽ.ജെ.പി-ബി.ജെ.പി സഖ്യം രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ചിരാഗായിരുന്നു. പ്രായവും അസുഖവും തളർത്തിയ രാംവിലാസ് പാസ്വാന് പകരം പാർട്ടിയെ നയിക്കേണ്ട ചുമതല ചിരാഗിന് കൈവന്നു. 2019ലും ജാമുയി മണ്ഡലം നിലനിർത്തി. 2019 നവംബർ അഞ്ചിന് എൽ.ജെ.പിയുടെ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ എട്ടിനായിരുന്നു രാംവിലാസ് പാസ്വാന്‍റെ മരണം. പിതാവിന്‍റെ മരണശേഷം ചുമതലകളെല്ലാം ചിരാഗിലേക്കെത്തി.
'ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ്' എന്ന മുദ്രാവാക്യമാണ് ഈ തെരഞ്ഞെടുപ്പിൽ ചിരാഗ് പ്രധാനമായും ഉയർത്തിയത്. ബി.ജെ.പിയുടെ രാഷ്ട്രീയ കരുവെന്ന് ആരോപണമുണ്ടായെങ്കിലും അതിനെ വകവെക്കാതെയാണ് പ്രചാരണം മുന്നോട്ടുപോയത്. ജെ.ഡി.യുവിനെ ഒതുക്കാനുള്ള ബി.ജെ.പി തന്ത്രത്തിന്‍റെ ഫലമാണോ ചിരാഗ് എന്ന് ജെ.ഡി.യു നേതാക്കൾ പോലും സംശയിക്കുന്നുണ്ട്. ജെ.ഡി.യുവിനെ നഖശിഖാന്തം എതിർക്കുമ്പോഴും ബി.ജെ.പിയെ ഒരു വാക്കുകൊണ്ടു പോലും കുത്തിനോവിക്കാൻ ചിരാഗ് തയാറായിട്ടില്ല. മോദിയുടെ ഹനുമാനാണ് താനെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
സഖ്യത്തിൽ നിന്ന് വിട്ടുനിന്ന് മത്സരിക്കാനുള്ള തീരുമാനം അവസാന നാളുകളിലെ അച്ഛന്‍റെ ഉപദേശം കൂടിയായിരുന്നുവെന്ന് ചിരാഗ് വെളിപ്പെടുത്തിയിരുന്നു. എൽ.ജെ.പിയുടെ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെയും നേരത്തെ അറിയിച്ചിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി. അവരുടെ മൗനാനുവാദം കൂടി ചിരാഗിന്‍റെ തീരുമാനത്തിനുണ്ടായിരുന്നു.
അഞ്ചുവർഷത്തേക്ക് കൂടി നിതീഷിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ 15 വർഷത്തേക്ക് ഖേദിക്കേണ്ടിവരുമെന്ന് അച്ഛൻ പാസ്വാൻ മകനെ ഉപദേശിച്ചിരുന്നു. നിതീഷ് വീണ്ടുമെത്തുന്നത് തന്‍റെ രാഷ്ട്രീയ ഭാവിക്കാകും കനത്ത തിരിച്ചടിയെന്ന് ചിരാഗ് കൃത്യമായി മനസിലാക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ, ഈ തെരഞ്ഞെടുപ്പിലെ 'കറുത്തകുതിര'യാകും ചിരാഗ് എന്നുവരെ പ്രവചിക്കപ്പെട്ടു.
പ്രവചനങ്ങളാകെയും അപ്രസക്തമാക്കപ്പെട്ട തെരഞ്ഞെടുപ്പു ഫലത്തിൽ ചിരാഗിന്‍റെ കണക്കുകൂട്ടലുകളും കീഴ്മേൽ മറിഞ്ഞു. നിതീഷ് കുമാറിന്‍റെ വോട്ടുകൾ വിഭജിക്കാൻ സാധിച്ചതിനപ്പുറം മറ്റൊരു തരത്തിലും സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. ഒരു സീറ്റിൽ മാത്രം വിജയം കൊണ്ട് തൃപ്തരാകേണ്ടി വന്നു. താൻ ബി.ജെ.പിയുടെ കൂടെയാണ് എന്ന് പ്രഖ്യാപിച്ച ചിരാഗിനെ ബി.ജെ.പി എങ്ങിനെ പരിഗണിക്കും എന്നുകൂടി ഇനി കാണേണ്ടതുണ്ട്. നിതീഷിന്‍റെ വളർച്ച മുരടിച്ച തെരഞ്ഞെടുപ്പിൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് ഒരു സീറ്റ് മാത്രം പിന്നിലായ ബി.ജെ.പിക്ക് ബിഹാറിൽ ഇനി എന്തുമാകാം എന്നതാണ് സാഹചര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.