അംഗസംഖ്യ വെച്ചുനോക്കുമ്പോൾ ബിഹാർ നിയമസഭയിൽ മൂന്നാം സ്ഥാനമാണ് ജനതാദൾ യുനൈറ്റഡിന്. ആ പാർട്ടിയുടെ നേതാവിതാ എട്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു- നിതീഷ് കുമാറിന്റെ രാഷ്ട്രീയ അതിജീവനകലയുടെ മികവാണത്. ഒന്നാലോചിച്ചുനോക്കൂ: സംസ്ഥാനങ്ങളിലെല്ലാം എതിർപാർട്ടിക്കാരുടെ സർക്കാറുകളെ മറിച്ചിടുന്നതിനിടെ ബിഹാറിൽ ബി.ജെ.പിക്കിട്ട് ഇങ്ങനെയൊരു തട്ടുകൊടുക്കണമെങ്കിൽ എത്രമാത്രം കുശാഗ്രബുദ്ധിവേണമെന്ന്.
നിതീഷുമായുള്ള ചങ്ങാത്തം വഴി 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാൽപതിൽ 39 സീറ്റും നേടിയതാണ് എൻ.ഡി.എ. 2024ലും അത്തരം വിജയം ആവർത്തിക്കാനായേക്കുമെന്ന ബി.ജെ.പി പ്രതീക്ഷകൂടിയാണ് തകിടംമറിഞ്ഞിരിക്കുന്നത്.തേജസ്വി യാദവിനെ ബിഹാറിലെ അടുത്ത മുഖ്യമന്ത്രിയായി അവരോധിച്ച് ദേശീയ രാഷ്ട്രീയത്തിൽ ഉയർന്ന പദങ്ങൾ തേടി പോകാനുമുള്ള നിതീഷിന്റെ ഒരുക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും കരുതപ്പെടുന്നുണ്ട്.
2015ൽ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ഉൾക്കൊള്ളുന്ന മഹാസഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ട് മോദി-ഷാ ടീമിന്റെ പ്രചാരണങ്ങളെ പൊളിച്ച് അധികാരമേറിയ ആളാണ് നിതീഷ്. പക്ഷേ, പിന്നെയൊരു സുപ്രഭാതത്തിൽ സഖ്യം പൊളിച്ചു. ഇരുകൈയും നീട്ടി സ്വീകരിച്ച ബി.ജെ.പിയുമായി ചേർന്നായി പിന്നെ ഭരണം. സമാനമായ രാഷ്ട്രീയക്കളി നിതീഷ് വീണ്ടും പയറ്റുമ്പോൾ രാഷ്ട്രീയ ധാർമികതയില്ലായ്മയെക്കുറിച്ച് വിലപിക്കുന്നു ബി.ജെ.പി.223 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ മതിയെന്നിരിക്കെ തനിക്ക് 164 എം.എൽ.എമാരുടെ പിന്തുണയുണ്ട് എന്നാണ് നിതീഷിന്റെ വാദം.
ലാലു കുടുംബം അനാവശ്യമായി ഇടപെടുന്നുവെന്നു പറഞ്ഞാണ് 2017ൽ സഖ്യം പിളർത്തിയത്. ലാലുവിന്റെ മകനു നേരെ ഏതോ അഴിമതി ആരോപണംകൂടി വന്നതോടെ കാര്യം എളുപ്പമായി.2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യകക്ഷിയായ എൽ.ജെ.പിയുമായി ഉടക്കി. എൽ.ജെ.പിയെ ഇപ്പോൾ നയിക്കുന്ന പാസ്വാന്റെ മകൻ ചിരാഗും വെറുതെയിരുന്നില്ല. നിതീഷിന്റെ സ്ഥാനാർഥികളെ തോൽപിക്കുക എന്നതാക്കി മുഖ്യലക്ഷ്യം. ഫലം 71 സീറ്റുണ്ടായിരുന്ന ജെ.ഡി.യു 43ൽ ഒതുങ്ങി.
അംഗസംഖ്യ കൂടുതൽ തങ്ങൾക്കാണെങ്കിലും മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന് പറഞ്ഞു ബി.ജെ.പി. ആ പറച്ചിലിന്റെ പൊരുൾ നിതീഷ് തിരിച്ചറിയുമ്പോഴേക്ക് അൽപം വൈകിപ്പോയിരുന്നു. ഹിന്ദുത്വ അജണ്ടകൾ ബിഹാറിൽ നടപ്പാക്കാൻ പറ്റിയ ജനപ്രിയ മുഖംമൂടിയായാണ് ബി.ജെ.പി ദേശീയ നേതൃത്വം നിതീഷിനെ കാണുന്നത്. തരംകിട്ടിയാൽ നിതീഷിനെ മറിച്ചിട്ട് അധികാരം പിടിക്കണമെന്ന ചിന്തയാണ് ബിഹാറിലെ പ്രാദേശിക നേതൃത്വത്തിന്.
തന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ആർ.സി.പി. സിങ്ങിന്റെ ചില സമകാലിക നീക്കങ്ങളിൽനിന്നുതന്നെ ബിഹാറിൽ ഒരു ഏക്നാഥ് ഷിൻഡെ മോഡൽ അട്ടിമറി ഒരുങ്ങുന്നതായി നിതീഷിന് ബോധ്യപ്പെട്ടിട്ടുണ്ടാവും.സിങ്ങിനെ കേന്ദ്രമന്ത്രിസഭയിലെടുത്തതും നിതീഷിന്റെ അനുമതിയോ സമ്മതമോ കൂടാതെയായിരുന്നു.
പൗരത്വ നിയമം സംബന്ധിച്ച ചർച്ചകളിൽ പാർട്ടിലൈനിന് വിരുദ്ധമായി ബി.ജെ.പി സർക്കാറിന് അനുകൂലമായി സിങ് നടത്തിയ പ്രസംഗങ്ങളും കാര്യങ്ങളുടെ പോക്ക് നല്ലനിലക്കല്ലെന്ന് ബോധ്യപ്പെടുത്തി. അട്ടിമറിയുടെ ആശാനായ നിതീഷ് കളമറിഞ്ഞുതന്നെ കളിച്ചു. ആർ.സി.പി. സിങ്ങിന്റെ കുടുംബത്തിന്റെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നോട്ടീസിറക്കി. നിതീഷ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വലയത്തിലാണെന്ന് സിങ്ങും തിരിച്ചടിച്ചു.
സംഘ്പരിവാർ നിശിതമായി എതിർക്കുന്ന ജാതി സെൻസസ് എന്ന വിഷയത്തിലൂന്നിയാണ് നിതീഷ് ഇപ്പോൾ ആർ.ജെ.ഡിയുമായി ഐക്യപ്പെടുന്നത്.നിതീഷിനും തേജസ്വിക്കും ആത്മാർഥതയുണ്ടെങ്കിൽ ഹിന്ദുത്വരാഷ്ട്രീയത്തെ ഒരളവോളം പ്രതിരോധിക്കാൻ ജാതി സെൻസസ് എന്ന പരിച മതിയാവും.രാഷ്ട്രീയ കാരണങ്ങൾക്കു പുറമെ ബി.ജെ.പി നേതാക്കളുടെ സാമുദായികവിരോധ നീക്കങ്ങളും നിതീഷിനെ അസ്വസ്ഥനാക്കിയിരുന്നു. ബി.ജെ.പിയുമായി സഖ്യത്തിലിരിക്കുമ്പോഴും സംസ്ഥാനത്തെ മുസ്‍ലിം സമൂഹത്തിന്റെ വിശ്വസ്തത വിട്ടുകളിക്കാൻ നിതീഷ് താൽപര്യപ്പെട്ടിരുന്നില്ല.
ബിഹാറിലെ സുപ്രധാന മുസ്‍ലിം വേദിയായ ഇമാറത്തെ ശരിഅയിലേക്ക് ദേശീയ അന്വേഷണ ഏജൻസി ഇരച്ചുകയറിയെത്തിയത് സംസ്ഥാന പൊലീസിനെപ്പോലും അറിയിക്കാതെയാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള ക്രമസമാധാനപാലനത്തിലേക്കുകൂടി കേന്ദ്രം കടന്നുകയറുമെന്ന് വ്യക്തമായതോടെയാണ് അതിജീവനത്തിന്റെ അവസാന അടവുകൾ പുറത്തെടുക്കാൻ നിതീഷ് നിർബന്ധിതനായത് എന്ന് വ്യക്തം. ഈ നിലപാട് എത്രകാലം നീണ്ടുനിൽക്കും എന്ന കാര്യത്തിലാണ് ഇനി വ്യക്തത വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.