ശ്രീകാകുളം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തതയും ഒാക്സിജൻ അഭാവവുമെല്ലാം ഇതിന് ആക്കം കൂട്ടുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളും വാർത്തകളുമാണ് ഒരാഴ്ചയായി പുറത്തുവരുന്നത്. ഇത്തരത്തിൽ ആന്ധ്രാപ്രദേശിൽനിന്നുള്ള കരളലിയിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ബൈക്കിൽ ഇരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യം. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം.
കോവിഡ് രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 50കാരി സ്രവ പരിശോധനക്ക് നൽകിയിരുന്നു. രോഗം മൂർച്ഛിച്ചതോടെ മന്ദാസ മണ്ഡൽ ഗ്രാമവാസിയായ സ്ത്രീയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധന ഫലം പുറത്തുവരുന്നതിന് മുമ്പ് സ്ത്രീ മരിച്ചു.
ഏറെനേരം കാത്തിരുന്നെങ്കിലും ആശുപത്രിയിൽനിന്ന് മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ കുടുംബത്തിന് ആംബുലൻസോ മറ്റു വാഹനങ്ങളോ ലഭിച്ചില്ല. തുടർന്നാണ് സ്ത്രീയുടെ മൃതദേഹം ബൈക്കിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചത്. മകനും മരുമകനും ചേർന്നാണ് മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോകളും വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കടുത്ത പ്രതിഷേധമാണ് സർക്കാറിനെതിരെ ഇപ്പോൾ ഉയരുന്നത്.
കോവിഡ് 19ന്‍റെ ഒന്നാം വ്യാപനത്തിൽ ആന്ധ്രപ്രദേശ് സർക്കാർ 1088 ആംബുലൻസുകളും 104 മെഡിക്കൽ യൂനിറ്റുകളും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ സൗകര്യങ്ങളൊന്നും ഇേപ്പാൾ ലഭ്യമല്ലെന്നാണ് ഉയരുന്ന പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.