ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ഉന്നയിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം തിങ്കളാഴ്ചയും രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി. 267ാം ചട്ടപ്രകാരം സഭാനടപടികൾ നിർത്തിവെച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട ഒമ്പത് എം.പിമാരുടെ നോട്ടീസുകളും തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ ഇറങ്ങിപ്പോക്ക്.
കോൺഗ്രസ്, ഡി.എം.കെ, ഇടതുപാർട്ടികൾ എന്നിവയുടെ എം.പിമാരാണ് ഇറങ്ങിപ്പോയത്. അതേസമയം, രാജ്യസഭയിൽ ധനവിനിയോഗബില്ലിന്മേലുള്ള ചർച്ചയിൽ ഭരണപക്ഷത്തിന്റെ എതിർപ്പ് വകവെക്കാതെ കോൺഗ്രസ് നേതാവ് പി. ചിദംബരം അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റം ഉന്നയിച്ചു.
ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിരോധ മന്ത്രാലയത്തിന് റോഡുനിർമാണത്തിന് 500 കോടി രൂപകൂടി ചെലവിടാൻ കേന്ദ്ര സർക്കാർ അനുമതി തേടിയ പശ്ചാത്തലത്തിലാണ് ചിദംബരം വിഷയം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റിനെ കണ്ടപ്പോൾ ഇന്ത്യ-ചൈന അതിർത്തി വിഷയം ഉന്നയിച്ചിരുന്നോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.
കിഴക്കൻ ലഡാക്കിലെ 'ഹോട്ട് സ്പ്രിങ്സ്' മേഖലയുമായി ബന്ധപ്പെട്ട് ചൈന വല്ലതും സമ്മതിച്ചിട്ടുണ്ടോ? ബഫർസോണുകൾ ഉണ്ടാക്കുന്നതിനുമുമ്പ് ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തിയ ഭാഗങ്ങളിൽ ഇപ്പോൾ പട്രോളിങ് നടത്തുന്നുണ്ടോ? ഡെപ്സാങ് സമതലത്തിലും ഡോക്ലാം ജങ്ഷനിലുമുള്ള സംഘർഷകേന്ദ്രങ്ങളെക്കുറിച്ച് ചർച്ച നടത്താൻ ചൈന തയാറായിട്ടുണ്ടോ? എന്നീ ചോദ്യങ്ങളാണ് ചിദംബരം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.