ഡൽഹി ബജറ്റ്: കേന്ദ്രം അംഗീകരിച്ചില്ല, ഇന്ന് ബജറ്റുണ്ടാകില്ലെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയും കേന്ദ്രസർക്കാറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഡൽഹി ബജറ്റ് കേന്ദ്രം തടഞ്ഞുവെച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ. ബജറ്റിന് കേന്ദ്ര ആഭയന്തര മന്ത്രാലയം അനുമതി നൽകിയില്ലെന്നും അതിനാൽ ഇന്ന് ബജറ്റ് അവതരിപ്പിക്കാനാവില്ലെന്നുമാണ് കെജ്രിവാൾ തിങ്കളാഴ്ച വെകീട്ട് ന്യൂസ് 18ന് നൽകിയ അഭിമുീഖത്തിൽ ആരോപിച്ചത്.

‘ഇന്ന് ബജറ്റ് അവതരണമുണ്ടാകില്ല. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണിത്. ഡൽഹിയുടെ ബജറ്റ് നാളെ വരാനിരിക്കുകയായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ബജറ്റ് തടഞ്ഞുവെച്ചു. ഡൽഹിയുടെ ബജറ്റ് നാളെ രാവിലെ എത്തില്ല. ഇന്ന് മുതൽ ഡൽഹി സർക്കാർ ജീവനക്കാർക്കും ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പളം ലഭിക്കില്ല. ഇത് ഗുണ്ടായിസമാണ്’ - അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.

കെജ്രിവാളിന്റെ ആരോപണങ്ങൾ വന്നതോടെ മറുപടിയുമായി ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് രംഗത്തെത്തി. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന ചില നിർദേശങ്ങളോടെ ബജറ്റ് അംഗീകരിച്ച് മാർച്ച് ഒമ്പതിന് മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു.

തുടർന്ന് ഡൽഹി സർക്കാർ രാഷ്ട്രപതിയുടെ അംഗീകാരം തേടി, ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി, മന്ത്രാലയത്തിന്റെ നിരീക്ഷണങ്ങൾ മാർച്ച് 17 ന് ഡൽഹി സർക്കാരിനെ അറിയിച്ചു. ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് മുഖ്യമന്ത്രിയിൽ നിന്ന് ഫയൽ കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. -ഗവർണറുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

എന്നാൽ ചീഫ് സെക്രട്ടറി ഫയലുകൾ ഒളിപ്പിക്കുകയാണെന്ന് ഡൽഹിയിയുടെ പുതിയ ധനകാര്യമന്ത്രി കൈലാഷ് ഗെഹ്ലോട്ട് ആരോപിച്ചു. മാർച്ച് 17 ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലൂടെ ആഭ്യന്തര മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുകയും ബജറ്റിന് അംഗീകാരം നൽകാൻ വിസമ്മതിക്കുകയും ചെയ്തതായി ധനമന്ത്രി കൈലാഷ് ഗെഹ്ലോട്ട് രാത്രി വൈകി അറിയിച്ചു.

ദുരൂഹമായ കാരണങ്ങളാൽ, ഡൽഹി ചീഫ് സെക്രട്ടറി കത്ത് മൂന്ന് ദിവസത്തേക്ക് ഒളിച്ചു വെച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മാത്രമാണ് കത്തിനെ കുറിച്ച് ഞാൻ അറിഞ്ഞത്’ - മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം ആറിന് ഫയൽ തനിക്ക് ലഭിച്ചുവെന്നും രാത്രി ഒമ്പതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആശങ്കകൾക്ക് മറുപടി നൽകിയെന്നും ഫയൽ എൽ.ജിക്ക് തിരികെ സമർപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയുടെ ബജറ്റ് വൈകിപ്പിക്കുന്നതിൽ ഡൽഹി ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലഫ്. ഗവർണറുടെ സെക്രട്ടറിയേറ്റിൽ രാത്രി 9.25ന് ഫയൽ സ്വീകരിച്ചു, നിയമപ്രകാരമുള്ള തുടർനടപടികൾക്കായി എൽ.ജിയുടെ അനുമതിക്ക് ശേഷം രാത്രി 10:05ന് മുഖ്യമന്ത്രിക്ക് ഫയൽ തിരിച്ചയച്ചുവെന്ന് ലഫ്. ഗവർണറുടെ ഓഫീസും അറിയിച്ചു.

ആം ആദ്മി സർക്കാരിന്റെ ബജറ്റ് നിർദ്ദേശത്തിൽ പരസ്യങ്ങൾക്കായുള്ള ഉയർന്ന വിഹിതവും അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് വികസന സംരംഭങ്ങൾക്കും താരതമ്യേന കുറഞ്ഞ ഫണ്ടും ഉള്ളതിനാൽ വ്യക്തത വരുത്തുന്നതിനാണ് ആശങ്കകൾ ഉന്നയിച്ചതെന്ന് യതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ ആഭ്യന്തരമന്ത്രാലയത്തിന്റെ ആരോപണങ്ങൾ ഗെഹ്ലോട്ട് നിഷേധിച്ചു. 78,800 കോടിയുടെതാണ് മൊത്തം ബജറ്റ്. അതിൽ 22,000 കോടി അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവുകൾക്കും വെറും 550 കോടി പരസ്യങ്ങൾക്കുമായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ഡൽഹിയുടെ ബജറ്റ് മനഃപൂർവം സ്തംഭിപ്പിക്കുകയാണെന്ന് ഡൽഹി ബി.ജെ.പി വക്താവ് ഹരീഷ് ഖുറാന ആരോപിച്ചു.

ആഭ്യന്തര മന്ത്രാലയമായം ചില ഉത്തരങ്ങൾ തേടി, പക്ഷേ മുഖ്യമന്ത്രി ഫയൽ തിരിച്ചയച്ചില്ല. ഡൽഹിയുടെ ബജറ്റ് സ്തംഭിച്ചത് എ.എ.പി കാരണമാണ്, ആഭ്യന്തര മന്ത്രാലയം കാരണമല്ല. - അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വർഷത്തേയും പോലെ, ബജറ്റിന്റെ സിംഹഭാഗവും എ.എ.പി മുൻഗണന നൽകുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലേക്കാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - "No Delhi Budget Today": Arvind Kejriwal Versus Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.