‘എല്ലാ ദിവസവും മണ്ഡലങ്ങളിൽ പോയി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം’ - സുനിത വഴി എം.എൽ.എമാർക്ക് കെജ്രിവാളിന്റെ സന്ദേശം

ന്യൂഡൽഹി: മദ്യനയകേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഭാര്യ സുനിത വഴി പാർട്ടി എം.എൽ.എമാർക്ക് സന്ദേശം നൽകി. എം.എൽ.എമാർ എല്ലാ ദിവസവും അവരുടെ മണ്ഡലങ്ങളിൽ എത്തി ജനം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് കെജ്രിവാളിന്റെ സന്ദേശം.

ഇ.ഡി കസ്റ്റഡിയിൽ കഴിയുമ്പോൾ കെജ്രിവാൾ സുനിത വഴി ജനങ്ങൾക്ക് തന്റെ സന്ദേശം നൽകിയിരുന്നു. സുനിതയുടെ ആദ്യ റെക്കോഡ് വിഡിയോയിൽ അവർ ഇരിക്കുന്നതിന്റെ പിറകിലെ ചുമരിൽ ബി.ആർ. അംബേദ്കറും ഭഗത് സിങ്ങിന്റെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, പുതിയ വിഡിയോയിൽ ബി.ആർ. അംബേദ്കറിന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾക്ക് നടുവിൽ തുറുങ്കലിലടച്ച കെജ്രിവാളിന്റെ ചിത്രവുമുണ്ട്.

സുനിതയെ സന്ദർശിച്ച് സഞ്ജയ് സിങ്

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം ലഭിച്ച് ജയിൽമോചിതനായ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ്‌ സിങ് ആദ്യം സന്ദർശിച്ചത് മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായി കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ. ബുധനാഴ്ച രാത്രി ജയിൽമോചിതനായതിനു ശേഷം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം സുനിതയെ കണ്ടതിന് ശേഷമാണ് പാർട്ടി ഓഫിസിലേക്ക് പോയത്.

വ്യാഴാഴ്ച സഞ്ജയ് സിങ് ആം ആദ്മി പാർട്ടി നേതാക്കളോടൊപ്പം രാജ്ഘട്ടില്ലെത്തി പ്രാർഥന നടത്തി. തുടർന്ന് ഹനുമാൻ ക്ഷേത്രവും സന്ദർശിച്ചു.

Tags:    
News Summary - ‘No Delhiite should face inconvenience’: Kejriwal’s wife Sunita delivers his message to AAP MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.