ന്യൂഡൽഹി: അരുണാചൽ പ്രദേശിന്റെ അതിർത്തിമേഖലയിൽ ഇന്ത്യയുടെയും ചൈനയുടെയും സേനകൾ ഏറ്റുമുട്ടിയ അസാധാരണ സാഹചര്യത്തെ തുടർന്ന് പാർലമെന്റിൽ ഒച്ചപ്പാട്. ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് ഇരുസഭകളിലും സ്വമേധയാ നടത്തിയ പ്രസ്താവനക്കപ്പുറം ചർച്ചയോ സംശയ നിവാരണത്തിന് അവസരമോ ഇല്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോക്ക് നടത്തി.
കാര്യപരിപാടികൾ മാറ്റിവെച്ച് അതിർത്തിപ്രശ്നം അടിയന്തരമായി ചർച്ചചെയ്യണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷം പാർലമെന്റിൽ എത്തിയത്. ചർച്ചയില്ല, പ്രതിരോധമന്ത്രി സ്വമേധയാ പ്രസ്താവന നടത്തുമെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയും രാജ്യസഭയും സ്തംഭിപ്പിച്ചു. വീണ്ടും സഭ ചേർന്നപ്പോൾ മന്ത്രി പ്രസ്താവന നടത്തിയതിനപ്പുറം, വിശദാംശങ്ങൾ ആരായാൻ ആർക്കും അവസരം നൽകിയില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന അതിപ്രധാന വിഷയത്തിൽ വിശദീകരണ ചോദ്യങ്ങൾ അനുവദിക്കാനാകില്ലെന്നും മുൻകാലങ്ങളിൽ ഇത്തരം നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു രാജ്യസഭയിൽ ഉപാധ്യക്ഷൻ ഹരിവൻഷിന്റെ നിലപാട്. വിശദീകരണത്തിന് നിൽക്കാതെ പ്രതിരോധമന്ത്രി സഭ വിട്ടു.
ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരമില്ലാതെ ഏകപക്ഷീയ പ്രസ്താവന കേട്ട് സഭയിൽ ഇരിക്കുന്നതിൽ അർഥമില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ശിവസേന, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി, ജെ.എം.എം എന്നിവയുടെ എം.പിമാരാണ് രാജ്യസഭയിൽ ഇറങ്ങിപ്പോക്ക് നടത്തിയത്. സർക്കാർ പ്രസ്താവനക്ക് വിശദീകരണം ആരായാൻ ലോക്സഭ ചട്ടപ്രകാരം അംഗങ്ങൾക്ക് അവസരമില്ല. ലോക്സഭയിൽ കോൺഗ്രസ് സഭാനേതാവ് അധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ടി.ആർ. ബാലു, അസദുദ്ദീൻ ഉവൈസി തുടങ്ങിയവർ വിഷയം ഉന്നയിച്ചു. പ്രതിപക്ഷ ബഹളത്തിൽ ഒരു മണിക്കൂർ നിർത്തിവെച്ച സഭ വീണ്ടും ചേർന്നപ്പോൾ പ്രതിരോധമന്ത്രി രാജ്യസഭയിലെ പ്രസ്താവന ആവർത്തിക്കുക മാത്രം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.