ജയ്പൂർ: രാജസ്ഥാൻ മന്ത്രിസഭ പുനഃസംഘടനയിൽ സന്തോഷം പങ്കുവെച്ച് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. മണിക്കൂറുകൾക്കകം സംസ്ഥാന മന്ത്രിസഭയിൽ വൻ അഴിച്ചുപണി നടക്കാനിരിക്കേയാണ് പൈലറ്റിന്‍റെ പ്രതികരണം.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റും തമ്മിൽ ഒരു വർഷം മുമ്പ് ഉടലെടുത്ത തർക്കത്തിന്‍റെ പര്യവസാനമാകും മന്ത്രിസഭ പുനഃസംഘടനയെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ.
'നമ്മൾ ഇവിടെ തത്വങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാവരുടെയും അഭിപ്രായം പ്രധാനമാണ്. ആശങ്കകൾ പരിഹരിക്കപ്പെട്ടതിൽ സന്തോഷം. മാറ്റം സ്ഥിരമാണ്. എന്നാൽ ഈ മാറ്റം ആളുകളെ ഉത്തേജിപ്പിക്കാൻ സാധിക്കും. 2023ലെ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിക്കും' -മാധ്യമപ്രവർത്തകരോട് സചിൻ പൈലറ്റ് പറഞ്ഞു.
രാജസ്ഥാൻ കോൺഗ്രസിനുള്ളിൽ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പോരാട്ടങ്ങൾ മാത്രമാണെന്നായിരുന്നു പൈലറ്റിന്‍റെ മറ്റൊരു പ്രതികരണം. 'രണ്ടു സംഘങ്ങൾ തമ്മിൽ പോരാട്ടമാണെന്ന് മാധ്യമങ്ങൾ ചിത്രീകരിക്കുന്നു. എന്നാൽ ഞങ്ങളെല്ലാവരും സോണിയ ഗാന്ധിയുടെയും നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്' -പൈലറ്റ് കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് കോൺഗ്രസിനുള്ളിലെ വിഭാഗീയതയെക്കുറിച്ച് മാത്രം ഇത്രയധികം ചർച്ചകൾ. ഞങ്ങൾ ഒരുമിച്ചാണ്. ഞങ്ങൾ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം മാത്രമാണ് ഞങ്ങൾക്കുള്ളത്' -സചിൻ പൈലറ്റ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് നാലുമണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. പുതിയ മന്ത്രിസഭ പട്ടിക നല്ല സന്ദേശമാണ് നൽകുന്നതെന്നും സചിൻ പൈലറ്റ് പറഞ്ഞു. ദലിത്, ആദിവാസി സഹോദരങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും ഇത് വളരെ നല്ല കാര്യമാെണന്നും സചിൻ ൈപലറ്റ് കൂട്ടിച്ചേർത്തു. മന്ത്രിസഭ പുനസംഘടനയിൽ സോണിയ ഗാന്ധി, അജയ് മാക്കൻ, അശോക് ഗെഹ്ലോട്ട് എന്നിവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
15 പുതുമുഖങ്ങളാണ് മന്ത്രിസഭയിലേക്ക് പുതുതായി എത്തുക. ഇവർ ഉൾപ്പെടെ 30 മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. നിലവിലെ മന്ത്രിസഭയിലെ 21 പേരും രാജിവെച്ചിരുന്നു. പുതുമുഖ മന്ത്രിമാരിൽ അഞ്ചുപേർ സചിൻ പൈലറ്റ് പക്ഷത്തുള്ളവരാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.