ന്യൂഡൽഹി: നരവംശശാസ്ത്ര പ്രകാരം ദൈവങ്ങൾ ഉന്നത ജാതിയിൽപെട്ടവരല്ലെന്നും സാക്ഷാൽ പരമശിവൻ പോലും പട്ടിക ജാതിക്കാരനായിരിക്കാമെന്നും ജെ.എൻ.യു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ്. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. അധ്യാപകന്റെ പാത്രത്തിൽ നിന്നും വെള്ളം കുടിച്ചതിന് ക്രൂരമർദ്ദനമേറ്റ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തെയും പ്രഭാഷണത്തിൽ അവർ ഉദ്ധരിച്ചു.
''നരവംശശാസ്ത്രപരമായി നമ്മുടെ ദൈവങ്ങളുടെ ഉത്ഭവം നിങ്ങളിൽ ഭൂരിഭാഗവും അറിഞ്ഞിരിക്കണം. ഒരു ദൈവവും ബ്രാഹ്മണനല്ല. ജാതിയിൽ ഉയർന്നത് ക്ഷത്രിയനാണ്. ശിവൻ ഒരു പട്ടികജാതിയോ പട്ടികവർഗ്ഗമോ ആയിരിക്കണം. കാരണം അദ്ദേഹം ശ്മശാന വാസിയാണ്. പാമ്പിനൊപ്പം ഇരിക്കുകയും വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ അദ്ദേഹം ധരിക്കുന്നുമുള്ളൂ. ബ്രാഹ്മണർക്ക് ശ്മശാനങ്ങളിൽ ഇരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല' -ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് പറഞ്ഞു.
'മനുസ്മൃതി പ്രകാരം എല്ലാ സ്ത്രീകളും ശൂദ്രരാണെന്ന് ഞാൻ പറയുന്നു. അതിനാൽ ഒരു സ്ത്രീക്കും അവൾ ബ്രാഹ്മണനെന്നോ മറ്റെന്തെങ്കിലുമാണെന്നോ അവകാശപ്പെടാൻ കഴിയില്ല. വിവാഹത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഭർത്താവിന്റെയോ പിതാവിന്റെയോ ജാതി ലഭിക്കൂ. ഇത് എന്താണ് ഇങ്ങനെയെന്നും ഞാൻ ചിന്തിക്കുന്നു. 'ലിംഗനീതിയെക്കുറിച്ചുള്ള ഡോ. ബി.ആർ അംബേദ്കറുടെ ചിന്തകൾ: യൂനിഫോം സിവിൽ കോഡ് ഡീകോഡിംഗ്' എന്ന തലക്കെട്ടിൽ ഡോ. ബി.ആർ അംബേദ്കറുടെ പ്രഭാഷണ പരമ്പര അവതരിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.
ലക്ഷ്മിയോ ശക്തിയോ ജഗന്നാഥനോ ഉൾപ്പെടെയുള്ള ദൈവങ്ങൾ ഉയർന്ന ജാതിയിൽ നിന്നല്ല വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. യഥാർത്ഥത്തിൽ ജഗന്നാഥിന് ഗോത്ര വംശജരുണ്ടെന്നും അവർ പറഞ്ഞു. അങ്ങനെയെങ്കിൽ, അങ്ങേയറ്റം മനുഷ്യത്വരഹിതമായ ഈ വിവേചനം നമ്മൾ ഇപ്പോഴും തുടരുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. ബാബാസാഹെബിന്റെ ചിന്തകളെ നാം പുനർവിചിന്തനം ചെയ്യുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ആധുനിക ഇന്ത്യയിൽ ഇത്രയും വലിയ ചിന്തകനായ ഒരു നേതാവും നമുക്കില്ല. ഹിന്ദുയിസം ഒരു മതമല്ല, അതൊരു ജീവിതരീതിയാണെന്നും ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് വിശദമാക്കി.
പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫസറായ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് ജനുവരിയിലാണ് ജെ.എൻ.യുവിൽ വി.സിയായി നിയമിതയായത്. അഞ്ച് വർഷമാണ് കാലാവധി. സർവകലാശാലയുടെ പ്രതിച്ഛായ ജനങ്ങൾക്കിടയിൽ മാറ്റാൻ ശ്രമിക്കുമെന്ന് നിയമനത്തിനുശേഷം അവർ പറഞ്ഞു. അവരുടെ നിയമനവും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് മുമ്പും വിവാദപരമായ പരാമർശങ്ങൾ ധൂലിപുടി നടത്തിയിട്ടുണ്ട്.
ഫെമിനിസം പടിഞ്ഞാറൻ സങ്കൽപമല്ലെന്നും ഇന്ത്യൻ നാഗരികതയുടെ അവിഭാജ്യ ഘടകമാണെന്നും ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പറഞ്ഞിട്ടുണ്ട്. ദ്രൗപദി, സീത എന്നിവരെക്കാൾ വലിയ ഒരു ഫെമിനിസ്റ്റുമില്ലെന്നും അവർ പറഞ്ഞു. ഡൽഹിയിൽ സുഷമ സ്വരാജ് സ്ത്രീ ശക്തി സമ്മാൻ-2022 ഏറ്റുവാങ്ങി സംസാരിക്കവെയായിരുന്നു ശാന്തിശ്രീ പണ്ഡിറ്റിന്റെ പരാമർശം. ആധുനിക ഇന്ത്യയുടെ ബൗദ്ധിക ആഖ്യാനങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ ഇന്ത്യൻ ഫെമിനിസ്റ്റുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.