ചെന്നൈ: ഭഗവാൻ ശ്രീരാമൻ ജീവിച്ചിരുന്നതിന് ചരിത്രപരമായ തെളിവുകളില്ലെന്ന വിവാദ പരാമർശവുമായി തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ. ചോള ഭരണാധികാരിയായിരുന്ന രാജേന്ദ്ര ചോളന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് അരിയലൂരിൽ നടന്ന ചടങ്ങിലാണ് ഡി.എം.കെ മന്ത്രിയുടെ പരാമർശം.
ശ്രീരാമൻ ജീവിച്ചതിന് തെളിവുകളോ ചരിത്രരേഖകളോ ഇല്ലെന്ന് പറഞ്ഞ മന്ത്രി, രാമനെ അവതാരം എന്നാണ് വിളിക്കുന്നതെന്നും എന്നാൽ ഒരു അവതാരം ജനിക്കില്ലെന്നും കൂട്ടിച്ചേർത്തു. നമ്മെ തെറ്റിദ്ധരിപ്പിക്കാനും നമ്മുടെ ചരിത്രം മറയ്ക്കാനും മറ്റൊരു ചരിത്രത്തെ ശ്രേഷ്ഠമായി അവതരിപ്പിക്കാനുമാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നമ്മുടെ നാടിന്റെ അഭിമാനമായിരുന്ന മഹാനായ ഭരണാധികാരി രാജേന്ദ്ര ചോളന്റെ ജന്മദിനം ആഘോഷിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ തങ്ങളുമായി ബന്ധമോ തെളിവോ ഇല്ലാത്ത എന്തും ആഘോഷിക്കാൻ ആളുകൾ നിർബന്ധിതരായേക്കാം. രാജേന്ദ്ര ചോളൻ ജീവിച്ചിരുന്നെന്ന് കാണിക്കാൻ, അദ്ദേഹം നിർമിച്ച കുളങ്ങളും ക്ഷേത്രങ്ങളുമെല്ലാമുണ്ട്. ലിപികളിലും ശിൽപങ്ങളിലും മറ്റ് പുരാവസ്തുക്കളിലും അദ്ദേഹത്തിൻ്റെ പേര് പരാമർശിച്ചിട്ടുണ്ട്. അതിനുള്ള ചരിത്രപരമായ തെളിവുകളും നമുക്കുണ്ട്, പക്ഷേ ശ്രീരാമൻ ജീവിച്ചതിന് തെളിവുകളോ ചരിത്രരേഖകളോ ഇല്ല. രാമനെ അവതാരം എന്ന് വിളിക്കുന്നു. ഒരു അവതാരം ഒരിക്കലും ജനിക്കില്ല. നമ്മെ തെറ്റിദ്ധരിപ്പിക്കാനും നമ്മുടെ ചരിത്രം മറയ്ക്കാനും മറ്റൊരു ചരിത്രത്തെ ശ്രേഷ്ഠമായി അവതരിപ്പിക്കാനുമാണ് ഇത് ചെയ്യുന്നത്’ -എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ പ്രസംഗം.
മന്ത്രിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ചോളവംശത്തിന്റെ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്തവരാണ് ഡി.എം.കെയെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. 1967ല്‍ മാത്രമാണ് സംസ്ഥാനം ഉണ്ടായതെന്ന് കരുതുന്ന ഡി.എം.കെക്ക് പെട്ടെന്ന് നാടിന്റെ ശ്രേഷ്ഠമായ സംസ്‌കാരത്തോട് ആഭിമുഖ്യം തോന്നുന്നത് പരിഹാസ്യമാണ്. സാമൂഹികനീതിയുടെ സംരക്ഷകനായ രാമന്‍ ദ്രാവിഡ മോഡലിന്റെ ആദ്യകാല വക്താക്കളില്‍ ഒരാളായിരുന്നുവെന്ന് പറഞ്ഞിരുന്ന മന്ത്രി രഘുപതിയുമായി രാമന്റെ കാര്യത്തില്‍ ശിവശങ്കർ തീര്‍പ്പിലെത്തണമെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.