ഒന്നരമണിക്കൂർ പ്രസംഗത്തിൽ മണിപ്പൂരില്ല; പ്രതിപക്ഷം സഭ വിട്ടതിന് പിന്നാലെ പരാമർശിച്ച് മോദി

ന്യൂഡൽഹി: ഇൻഡ്യ സഖ്യം കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചക്കുള്ള മറുപടിയിൽ ഒന്നര മണിക്കൂർ നേരവും മണിപ്പൂർ പരാമർശിക്കാതെ മോദി. മണിപ്പൂർ പരാമർശിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിയതിന് പിന്നാലെ മോദി വിഷയം പരാമർ​ശിച്ചു.

മണിപ്പൂരിന് നഷ്ടമായത് തിരിച്ചു പിടിക്കുമെന്ന് മോദി പറഞ്ഞു. മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിക്കുകയാണ്. അവിടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കും. വരും ദിവസങ്ങളിൽ മണിപ്പൂരിൽ സമാധാനം പുഃസ്ഥാപിക്കപ്പെടും. മണിപ്പൂരിലെ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടുന്ന ജനങ്ങളോട് രാജ്യം നിങ്ങൾക്കൊപ്പമുണ്ടെന്ന് പറയാൻ താൻ ആഗ്രഹിക്കുകയാണെന്ന് മോദി പറഞ്ഞു.

രാഹുലിന്റെ ഭാരത് മാത പരാമർശം വേദനിപ്പിച്ചു. എന്തുകൊണ്ടാണ് ചിലർ ഭാരത് മാതയുടെ മരണം സങ്കൽപ്പിക്കുന്നതെന്ന് തനിക്ക് അറിയില്ല. ഭാരതമാതാവിനെ ഛിന്നഭിന്നമാക്കിയത് കോൺഗ്രസാണ്. മണിപ്പൂർ വിഷയത്തെ കുറിച്ച് ആഭ്യന്തര മന്ത്രി രണ്ട് മണിക്കൂർ സംസാരിച്ചതാണ്. ചർച്ചകളിൽ നിന്നും ഒളിച്ചോടിയത് പ്രതിപക്ഷമാണെന്നും കൂട്ടിച്ചേർത്തു.

മണിപ്പൂർ കലാപ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാറിനേയും രൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്നും സംസ്ഥാനം ഇപ്പോൾ രണ്ടായിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മണിപ്പൂർ ഇന്ത്യയിലല്ലെന്നാണ് പ്രധാന മന്ത്രി കരുതുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി രാജ്യദ്രോഹികളാണ്. രാമായണത്തിലെ രാവണനെ ഉദ്ധരിച്ചാണ് രാഹുൽ പ്രസംഗിച്ചത്. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണ് കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത് ഷായെയുമാണെന്നും രാഹുൽ പരിഹസിച്ചിരുന്നു.


.

Tags:    
News Summary - No Manipur in the one and a half hour speech; Modi mentioned after the opposition left the House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.