നവനീത് റാണ പ്രചാരണത്തിനിടെ

രാജ്യത്ത് മോദി തരംഗമില്ലെന്ന് ബി.ജെ.പി സ്ഥാനാർഥി; പ്രസ്താവന പ്രചാരണായുധമാക്കി എതിരാളികൾ

മുംബൈ: ‘മോദി തരംഗ’ത്തിൽ വൻ നേട്ടം കൊയ്യുമെന്ന അവകാശവാദങ്ങളുമായി ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി മുന്നോട്ടുപോകവേ തിരിച്ചടിയായി പാർട്ടി സ്ഥാനാർഥിയുടെ തുറന്നുപറച്ചിൽ. രാജ്യത്ത് മോദി തരംഗമില്ലെന്ന് അമരാവതി മണ്ഡലത്തിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി നവനീത് റാണയുടെ പ്രസ്താവനയാണ് പാർട്ടിക്ക് തിരിച്ചടിയായത്.

മാധ്യമപ്രവർത്തകരെയൊന്നും പ്രവേശിപ്പിക്കാതെ നടത്തിയ യോഗത്തിലാണ് ചലച്ചിത്രതാരം കൂടിയായ റാണ, മോദി തരംഗമി​ല്ലെന്ന് പാർട്ടി പ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, ഇതിന്റെ വിഡിയോ വൈറലായതോടെ ബി.ജെ.പിക്ക് ന്യായവാദങ്ങളില്ലാതാവുകയായിരുന്നു. പ്രതിപക്ഷ കക്ഷികളാവട്ടെ, നവനീത് റാണയുടെ പ്രസ്താവനക്ക് വൻ പ്രചാരണമാണ് നൽകുന്നത്. അവർ സത്യമാണ് പറഞ്ഞതെന്നും രാജ്യത്തുടനീളം ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിൽ 45 സീറ്റ് മാത്രമേ ലഭിക്കൂവെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

‘ഈ തെരഞ്ഞെടുപ്പിനെ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന പോലെ കണക്കാക്കി നമ്മൾ പോരിനിറങ്ങണം. ഉച്ച 12 മണിയോടെ എല്ലാ വോട്ടർമാരോടും ​വോട്ട് ചെയ്യാനാവശ്യപ്പെട്ട് അവരെ ബൂത്തിലെത്തിക്കണം. മോദി തരംഗമു​ണ്ടെന്ന മിഥ്യാബോധവുമായി വീട്ടിൽ കുത്തിയിരിക്കരുത്’ -ഇതായിരുന്നു നവനീത് റാണയുടെ വാക്കുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദി തരംഗമുണ്ടായിട്ടും താൻ സ്വതന്ത്ര സ്ഥാനാർഥിയായി വിജയം നേടിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അമരാവതി മണ്ഡലത്തിൽ 2019ൽ എൻ.സി.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് നവനീത് റാണ വിജയം കണ്ടത്. ഇക്കുറി തെരഞ്ഞെടുപ്പിന് മുന്നോടിയായി അവർ ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു.

മോദി തരംഗമില്ലെന്ന റാണയുടെ വാക്കുകൾ മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യം വലിയതോതിൽ പ്രചാരണായുധമാക്കുന്നുണ്ട്. ‘റാണ പറ​ഞ്ഞതൊക്കെ സത്യം മാത്രമാണ്. അവർക്കു മാത്രമല്ല, ബി.ജെ.പി എം.പിമാർക്കെല്ലാം അക്കാര്യമറിയാം. രാജ്യത്ത് മോദി തരംഗമില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ബി.ജെ.പിക്കു തന്നെയാണ്. അതുകൊണ്ടാണ് ഒന്നിനുപിറകെ ഒന്നായി പ്രതിപക്ഷ നേതാക്കന്മാരെ അവർ ചാക്കിട്ടുകൊണ്ടിരിക്കുന്നത്. അഴിമതിക്കാരെന്ന് അവർ കടുത്ത രീതിയിൽ ആരോപണമുന്നയിച്ചവരെ പോലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. പരാജയ ഭീതി കാരണമാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടു​പ്പിലേതുപോലെ പോരാട്ടത്തിനിറങ്ങാൻ അവർ അണികളോട് പറയുന്നത്’ -എൻ.സി.പി ശരദ് പവാർ വിഭാഗം മുഖ്യവക്താവായ മഹേഷ് തപാസെ ചൂണ്ടിക്കാട്ടി.

മോദി തരംഗമി​ല്ലെന്ന് മാത്രമല്ല, മോദിക്ക് അദ്ദേഹത്തിന്റെ സീറ്റ് നിലനിർത്താൻ കഴിയുമോയെന്നതാണ് തെരഞ്ഞെടുപ്പിലെ വലിയ ചോദ്യമെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. ‘രാജ്യത്തുടനീളം ബി.ജെ.പിക്ക് ലഭിക്കാൻ പോകുന്നത് വെറും 45 സീറ്റുകൾ മാത്രമാണെന്ന് ഞങ്ങളുടെ നേതാവ് ഉദ്ധവ് താക്കറെ നേരത്തേ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ 48 സീറ്റുകളും മഹാ വികാസ് അഗാഡി ജയിക്കും. ബി.ജെ.പി സ്ഥാനാർഥികൾ വരെ സത്യം തുറന്ന് പറഞ്ഞ് രംഗത്തുവരുന്നത് അതിന്റെ തെളിവാണെന്നും റാവത്ത് പറഞ്ഞു.

Tags:    
News Summary - No Modi wave, says BJP candidate Navneet Rana; Oppn pounces on remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.