ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ജി-23 നേതാക്കൾക്ക് പ്രവർത്തക സമിതിയിൽ മറുപടി നൽകി സോണിയ ഗാന്ധി. താൻ എപ്പോഴും തുറന്നുപറച്ചിൽ വിലമതിച്ചിരുന്നുവെന്നും മാധ്യമങ്ങളിലൂടെ എന്നോട് സംസാരിക്കേണ്ട ആവശ്യമില്ലെന്നും സ്ഥിരം പ്രസിഡന്‍റിന്‍റെ അഭാവത്തിൽ അസ്വസ്ഥതകൾ പരസ്യമായി പ്രകടിപ്പിച്ച ചില നേതാക്കളെ പരാമർശിച്ചുകൊണ്ട് സോണിയ പറഞ്ഞു.
'ഞാൻ എപ്പോഴും തുറന്നു സംസാരിക്കുന്നതിനെ വിലമതിച്ചിട്ടുണ്ട്. മാധ്യമങ്ങളിലൂടെ എന്നോട് സംസാരിക്കേണ്ട ആവശ്യമില്ല. അതിനാൽ നമുക്കെല്ലാവർക്കും സ്വതന്ത്രവും സത്യസന്ധവുമായി ചർച്ച നടത്താം. എന്നാൽ ഈ മുറിയുടെ നാല് ചുവരുകൾക്ക് പുറത്ത് ആശയവിനിമയം നടത്തേണ്ടത് പ്രവർത്തക സമിതിയുടെ കൂട്ടായ തീരുമാനമാണ്' -സോണിയ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് നേതാക്കൾ എഴുതിയ കത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിൽ അതൃപ്തി പ്രകടിപ്പിക്കുക കൂടിയായിരുന്നു സോണിയ.
കോൺഗ്രസിന് അധ്യക്ഷനില്ലെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അറിയില്ലെന്നും മുതിർന്ന നേതാവ് കപിൽ സിബൽ അടുത്തിടെ വിമർശിച്ചിരുന്നു. സിബൽ, ഗുലാം നബി ആസാദ്, ശശി തരൂർ എന്നിവരടക്കമുള്ള ജി-23 നേതാക്കൾ നയിക്കാൻ നേതാവില്ലാതെ പാർട്ടി അനിശ്ചിതത്ത്വത്തിലാണെന്നും അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി രാജിവെച്ചതോടെയാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായത്. അടുത്ത വർഷം സെപ്റ്റംബറിൽ പുതിയ പ്രസിഡൻറ് വരുന്നതു വരെ സോണിയഗാന്ധി തുടരും.
അനിശ്ചിതത്ത്വം നീക്കാൻ രാഹുൽ പദവി ഏറ്റെടുക്കുക തന്നെ വേണമെന്ന മുറവിളി ആവർത്തിച്ചപ്പോഴാണ് 'പരിഗണിക്കാം' എന്ന് രാഹുൽ പ്രവർത്തകസമിതി യോഗത്തിൽ പ്രതികരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാവ് എ.കെ. ആൻറണി അടക്കമുള്ളവരുമാണ് രാഹുലിനോട് അഭ്യർഥന ആവർത്തിച്ചത്.
പുതിയ നേതാവിനെ പ്രഖ്യാപിക്കുന്നതിന് പരമാവധി സമയം നീട്ടിയെടുത്ത കോൺഗ്രസ്, അംഗത്വ വിതരണത്തിൽ തുടങ്ങി എ.ഐ.സി.സി സമ്മേളനത്തിൽ സമാപിക്കുന്ന വിധം ഒരു വർഷം നീളുന്ന തെരഞ്ഞെടുപ്പ് സമയപട്ടികയാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം ഒന്നിന് അംഗത്വ വിതരണം ആരംഭിച്ച് ബൂത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങൾ പിന്നിട്ട് അടുത്ത ഒക്ടോബറിനു മുമ്പാണ് എ.ഐ.സി.സി സമ്മേളനം. കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് 2022 ആഗസ്റ്റ് 21നും സെപ്റ്റംബർ 20നും ഇടക്ക്. പാർട്ടി പ്രവർത്തകർക്കായി അടുത്തമാസം പരിശീലന പരിപാടിയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.