ന്യൂഡൽഹി: മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ആർക്കും വോട്ടില്ലെന്ന് വ്യക്തമാക്കാനുള്ള നോട്ട രാജ്യസഭ തെരഞ്ഞെടുപ്പിൽ പറ്റില്ലെന്ന് സുപ്രീംകോടതി. സാധാരണ തെരഞ്ഞെടുപ്പുകളിൽ വ്യക്തിക്ക് മാത്രം നൽകിയ അവകാശമാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പിനും നോട്ട ഉപയോഗിക്കാൻ അനുമതി നൽകുന്ന തരത്തിൽ 2014 ജനുവരി 24നും 2015 നവംബർ 12നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച സർക്കുലറുകൾ റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രീംകോടതി സൂചന നൽകി. നേർക്കുനേരുള്ള െതരഞ്ഞെടുപ്പിന് മാത്രം ബാധകമായ നോട്ട രാജ്യസഭ പോലുള്ള ആനുപാതിക ജനപ്രാതിനിധ്യ സംവിധാനത്തിനുള്ളതല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
2017ൽ കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടലിനെ രാജ്യസഭ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനായി നോട്ട വിനിയോഗിക്കുമെന്ന ഘട്ടത്തിൽ കോൺഗ്രസ് നേതാവ് ശൈേലഷ് മനുഭായ് പാർമർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അമിത് ഷായുടെ നിർദേശപ്രകാരം കോൺഗ്രസിൽനിന്ന് കളംമാറിയ കോൺഗ്രസ് വിമതരെ കൊണ്ടായിരുന്നു നോട്ട ചെയ്യിക്കാൻ നോക്കിയത്. എന്നാൽ, വിചിത്രമായ നീക്കത്തിൽ അന്ന് നോട്ടയെ പിന്തുണച്ച കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കോൺഗ്രസ് നേതാവ് അതിനെതിരെ സമർപ്പിച്ച ഹരജിക്കൊപ്പം നിന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ നോട്ട കുതിരക്കച്ചവടത്തിലേക്കും അഴിമതിയിലേക്കും ഭരണഘടന വിരുദ്ധമായ നടപടികളിലേക്കും നയിക്കുമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു.
ഏകവോട്ടുള്ള ജനപ്രാതിനിധ്യ തെരഞ്ഞെടുപ്പു സംവിധാനത്തിൽ കേവലം സർക്കുലർ കൊണ്ടുവന്ന് നോട്ട അനുവദിക്കാൻ കമീഷന് അധികാരമില്ലെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിംഗ്വി വാദിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടികളുടെ വിപ്പ് ജനപ്രതിനിധികൾ ലംഘിക്കാതിരിക്കാനായി 2003ൽ കൊണ്ടുവന്ന ഒാപൺ വോട്ടിനെ അസാധുവാക്കുന്നതാണ് ഇൗ സർക്കുലറെന്നും അദ്ദേഹം ബോധിപ്പിച്ചു. എന്നാൽ, ഇതിനെ ഖണ്ഡിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഒരു വ്യക്തിക്ക് വോട്ടു ചെയ്യാനുള്ളത് പോലെ ചെയ്യാതിരിക്കാനും അവകാശമുണ്ടെന്നും നോട്ട വേണമെന്നും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.