ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണവാങ്ങരുതെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ത്യയിലെ ജനങ്ങൾക്ക് ഊർജം വിതരണം ചെയ്യുക എന്ന ധാർമിക ഉത്തരവാദിത്വം സർക്കാറിനുണ്ടെന്നും എണ്ണവാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ഊർജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോമുമായുള്ള ഉഭയകക്ഷി ചർച്ചക്ക് ശേഷം വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയിലെ ജനങ്ങൾക്ക് ഊർജം വിതരണം ചെയ്യുക എന്നത് സർക്കാറിന്‍റെ ധാർമിക ഉത്തരവാദിത്വമാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ല' -ഹർദീപ് സിങ് പുരി പറഞ്ഞു.
റഷ്യ -യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് നിരവധി രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതിചെയ്യുന്നത് വർധിപ്പിച്ചു. ഇന്ത്യയുടെ നടപടിയെ വിമർശിച്ച് അമേരിക്കയും ബ്രിട്ടനുമടക്കം രംഗത്തെത്തിയിരുന്നെങ്കിലും ഇറക്കുമതി തുടരുകയായിരുന്നു.
റഷ്യയിൽ നിന്നുള്ള സംസ്കരിച്ച എണ്ണയുടെ ഇറക്കുമതിയും ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം ഒരു ലക്ഷത്തോളം ബാരൽ സംസ്കരിച്ച എണ്ണയാണ് ഇന്ത്യയിലേക്ക് റഷ്യയിൽനിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 70 ശതമാനവും ഗ്യാസ് ഓയിലാണ്. ജൈവ എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.