കൊൽക്കത്ത: 42 ദിവസം നീണ്ട പണിമുടക്കിനുശേഷം ശനിയാഴ്ച മുതൽ ആശുപത്രികളിൽ തങ്ങളുടെ അവശ്യ സേവനങ്ങൾ പുനഃരാരംഭിക്കുമെന്ന് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ. എന്നാൽ, ഒ.പി ഡ്യൂട്ടികളിൽ കേറുകയോ ശസ്ത്രക്രിയകൾ നടത്തുകയോ ചെയ്യില്ലെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു. ഏഴ് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ സർക്കാർ ആശുപത്രികളിൽ സുരക്ഷാ നടപടികൾ നടപ്പിലാക്കിയില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് വീണ്ടും മടങ്ങിവരുമെന്നും അവർ മുന്നറിയിപ്പു നൽകി. ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ സുരക്ഷ, സർക്കാർ ആശുപത്രികളിൽ നടപ്പാക്കേണ്ട നടപടികൾ, കാര്യക്ഷമമായ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് ചീഫ് സെക്രട്ടറി മനോജ് പന്ത് ആരോഗ്യ സെക്രട്ടറിക്ക് നിർദേശങ്ങൾ നൽകി മണിക്കൂറുകൾക്കു പിന്നാലെയാണ് പ്രഖ്യാപനം വന്നത്.
‘ഞങ്ങൾ ശനിയാഴ്ച മുതൽ ആശുപത്രികളിൽ അവശ്യ സേവനങ്ങൾ പുനഃരാരംഭിക്കും. ഏതൊക്കെ അവശ്യ സേവനങ്ങളിൽ ഭാഗഭാക്കാവും എന്നതിനെക്കുറിച്ചുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്.ഒ.പി) ഞങ്ങൾ തയ്യാറാക്കും. ഡിപ്പാർട്ട്‌മെന്‍റുകൾക്ക് പ്രത്യേകമായി എസ്.ഒ.പികൾ ഉണ്ടായിരിക്കും -കൊൽക്കത്ത മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർ ദേബാഷിസ് ഹാൽദർ പറഞ്ഞു. സംസ്ഥാനത്തിന്റെ പല മേഖലകളിലും വെള്ളപ്പൊക്ക സാഹചര്യം ഉണ്ട്. അതും പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൗറയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ പര്യടനം നടത്തുന്നതിനിടെ ജൂനിയർ ഡോക്ടർമാരോട് സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മമത ബാനർജി അഭ്യർഥിച്ചിരുന്നു. വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ വയറിളക്കവും പനിയും ഉണ്ടാകുമെന്നാണ് ഡോക്ടർമാരോട് പറയാനുള്ളത്. ചീഫ് സെക്രട്ടറിയെ വിളിച്ച് ഉടൻതന്നെ ചിലയിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത പറഞ്ഞു.
‘ഡോക്ടർമാർ ജോലിയിൽ തിരിച്ചെത്തിയിട്ടില്ല. ഞാൻ കഴിയുന്നത്ര ശ്രമിച്ചു. ജനങ്ങൾ വെള്ളപ്പൊക്കത്തിൽ വലയുന്നതിനാൽ അവർക്കു നല്ല ബുദ്ധി തോന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല’ എന്നും മമത പറഞ്ഞു.
ആരോഗ്യ സെക്രട്ടറിക്കുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങളിൽ തങ്ങൾ ഏറിയോ കുറഞ്ഞോ സന്തോഷിക്കുന്നില്ലെന്ന് ഒരു ജൂനിയർ ഡോക്ടർ പ്രതികരിച്ചു. എന്നാൽ ഇത് നടപ്പിലാക്കുമോ എന്ന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദേശങ്ങൾ ഉടൻ നടപ്പാക്കണമെന്ന് ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന് അവർ ഉന്നയിച്ചു.
സ്വാസ്ഥ്യഭവന് പുറത്ത് നടത്തിവന്ന കുത്തിയിരിപ്പ് സമരം ഇന്ന് ഉച്ച തിരിഞ്ഞ് സാൾട്ട് ലേക്കിലെ സി.ജി.ഒ കോംപ്ലക്സിലെ സി.ബി.ഐ ഓഫിസിലേക്കുള്ള മാർച്ചോടെ അവസാനിക്കും. സമരത്തിന് കാരണമായ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ത്വരിതഗതിയിലുള്ള അന്വേഷണത്തിന് സമ്മർദ്ദം ചെലുത്തുന്ന മാർച്ചിൽ പങ്കെടുക്കാൻ ജൂനിയർ ഡോക്ടർമാർ പൊതുജനത്തോട് അഭ്യർഥിച്ചു. ഇരക്ക് നീതി ലഭിക്കാനുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പന്തും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും തങ്ങളുടെ പല ആവശ്യങ്ങളും വാക്കാൽ അംഗീകരിച്ചതായി അവർ അവകാശപ്പെട്ടു. തുടർന്ന് തങ്ങളുടെ ആവശ്യങ്ങൾ ഇ-മെയിൽ ചെയ്യാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച 15 ആവശ്യങ്ങളടങ്ങിയ ഇ-മെയിൽ അയച്ചതിനെ തുടർന്നാണ് ആരോഗ്യ സെക്രട്ടറിക്ക് പന്തിന്റെ നിർദേശം.
ഡോക്ടർമാരുടെ നിർദേശങ്ങളിൽ ചിലത്:
* ഡ്യൂട്ടി മുറികൾ, ശുചിമുറികൾ, സി.സി.ടി.വികൾ, കുടിവെള്ള സൗകര്യങ്ങൾ എന്നിവയുടെ മതിയായ ലഭ്യത ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട ജോലികൾ എത്രയും വേഗം പൂർത്തിയാക്കണം.
*ആന്തരിക പരാതി കമ്മിറ്റി ഉൾപ്പെടെ എല്ലാ കമ്മിറ്റികളും ഡിപ്പാർട്ടുമെന്‍റുകളിൽ പൂർണ്ണമായി പ്രവർത്തനക്ഷമമാക്കണം.
*കേന്ദ്രീകൃത റഫറൽ സംവിധാനം എത്രയും വേഗം സജ്ജമാക്കണം.
*ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു കേന്ദ്രീകൃത ഹെൽപ് ലൈൻ നമ്പർ നടപ്പിലാക്കണം.
*തത്സമയ കിടക്ക ലഭ്യത വിവര സംവിധാനം.
*ശക്തമായ പരാതി പരിഹാര സംവിധാനം.
*എല്ലാ ആശുപത്രികളിലും പൊലീസുകാരെ ഉൾപ്പെടെ മതിയായ സുരക്ഷാ ഗാർഡുകളെ വിന്യസിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.