സാധാരണ തെരഞ്ഞെടുപ്പല്ല; ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാനുള്ള പോരാട്ടം -രാഹുൽ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇത് സാധാരണ തെരഞ്ഞെടുപ്പല്ലെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടി പ്രവർത്തകർക്ക് നൽകിയ സന്ദേശത്തിലാണ് രാഹുലിന്റെ പരാമർശം. ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുൽ പറഞ്ഞു.

ഇന്ത്യയെന്ന ആശയത്തെ ബി.ജെ.പി നശിപ്പിക്കുകയാണെന്ന് നാം നിരന്തരമായി ജനങ്ങളോട് പറയണം. നിങ്ങളാണ് ഈ പാർട്ടിയുടെ നട്ടെല്ല്. തെരഞ്ഞെടുപ്പ് സമയത്ത് നിങ്ങളോട് നേരിട്ട് സംസാരിക്കാമെന്ന് ഞാൻ വിചാരിച്ചു. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല. ഭരണഘട​നയേയും ജനാധിപത്യത്തേയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. വലിയ ഉത്തരവാദിത്തമാണ് നമുക്കുള്ളതെന്നും രാഹുൽ ഗാന്ധി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

ബി.ജെ.പിയും ആർ.എസ്.എസും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തേയും ഭരണഘടനയേയും ആക്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ ഉൾപ്പടെയുള്ള സ്ഥാപനങ്ങളും അവരുടെ ആക്രമണത്തിന് വിധേയരാകുന്നു. ആർ.എസ്.എസിന്റെ ആശയങ്ങൾക്കെതിരെ തെരുവുകളിലും ഗ്രാമങ്ങളിലും പോരാടണം. നിങ്ങളാണ് അവരുടെ ആശയങ്ങളെ പ്രതിരോധിക്കേണ്ടത്. കോൺഗ്രസ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെ തോൽപ്പിക്കാൻ പോവുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പാവപ്പെട്ട സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, കാർഷിക വിളകൾക്ക് താങ്ങുവില, കരാർ തൊഴിൽ ഇല്ലാതാക്കൽ, 30 ലക്ഷം പേർക്ക് സർക്കാർ ജോലി, അഗ്നിവീർ പദ്ധതി റദ്ദാക്കൽ തുടങ്ങി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം രാഹുൽ ഗാന്ധി എടുത്ത് പറഞ്ഞു. ജനങ്ങളെ കേട്ടതിന് ശേഷമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കിയതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Tags:    
News Summary - No ordinary election, it’s to save Constitution, democracy: Rahul to Congress workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.