ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രധാന വിമർശനം കോർപറേറ്റുകൾ കാർഷിക മേഖല കീഴടക്കുമെന്നതായിരുന്നു. അതിൽ ഏറ്റവുമധികം വിമർശനമുയർന്നത് കേന്ദ്രത്തിന്‍റെ ഉറ്റസുഹൃത്തെന്ന് പ്രതിപക്ഷം ഉൾപ്പെടെ വിേശഷിപ്പിക്കുന്ന മുകേഷ് അംബാനിയുടെ റിലയൻസിനെതിരെയും. പഞ്ചാബിലെയും ഹരിയാനയിലും കർഷകർ റിലയൻസ് ജിയോ ബഹിഷ്കരണത്തിലേക്ക് കടക്കുകയും വ്യാപകമായി റിലയൻസ് ടവറുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തിരുന്നു. കാർഷിക നിയമങ്ങൾ കൃഷിക്കാർക്ക് േവണ്ടിയല്ല, കോർപറേറ്റുകൾക്ക് വേണ്ടിയാണെന്ന വാദമുന്നയിച്ചായിരുന്നു പ്രതിഷേധം. ഒരു മാസമായി വ്യാപക നാശനഷ്ടം നേരിട്ടതോടെ സ്വത്തുക്കൾക്കും സേവനങ്ങൾക്കും സർക്കാർ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ റിലയൻസ്. കൂടാതെ കർഷകരെ പിന്തുണച്ച് പ്രസ്താവനയും പുറത്തിറക്കി.
വ്യാപക നാശനഷ്ടങ്ങൾ േനരിട്ടതോടെ റിലയൻസ് ജിയോ സർക്കാർ സഹായം ആവശ്യപ്പെട്ട് പഞ്ചാബ്് -ഹരിയാന ഹൈകോടതിയെ സമീപിച്ചു. അക്രമികൾ നടത്തുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് വിരാമമിടണമെന്നാണ് ആവശ്യം.
'ഇത്തരം അക്രമ പ്രവർത്തനങ്ങൾ രണ്ടു സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവന് ഭീഷണി ഉയർത്തുകയും ആശയവിനിമയ സംവിധാനത്തിനും വിൽപന, സേവന ഒൗട്ട്ലെറ്റുകളുടെ പ്രവർത്തനത്തിനും തടസം സൃഷ്ടിക്കുകയും ചെയ്യുന്നു' -റിലയൻസ് പ്രസ്താവനയിൽ പറയുന്നു.
നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിക്ഷിപ്ത താൽപര്യക്കാരുടെയും ബിസിനസ് എതിരാളികളുടെയും താൽപര്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമാണ്. കർഷകരുടെ പ്രക്ഷോഭത്തെ എതിരാളികൾ റിലയൻസിനെതിരായി മുതലെടുക്കുകയായിരുന്നു. അതുവഴി റിലയൻസിനെതിരെ അപകീർത്തിപ്രചാരണം നടത്തുകയാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
റിലയൻസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. കോർപറേറ്റ് ഫാമിങ്ങിലേക്ക് കടക്കാൻ പദ്ധതിയില്ലെന്നും റിലയൻസ് വ്യക്തമാക്കി. 'റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ ഇൻഫോകോം കൂടാതെ മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് പ്രവർത്തിക്കുന്ന മറ്റു കമ്പനികൾ എന്നിവക്ക് കോർപറേറ്റ് ഫാമിങ്, കോൺട്രാക്ട് ഫാമിങ് എന്നിവയുമായി ബന്ധമില്ല. കോൺട്രാക്ട് ഫാമിങ്ങിേലക്കോ കോർപറേറ്റ് ഫാമിങ്ങിലേക്കോ പ്രവേശിക്കാൻ യാതൊരു പദ്ധതിയുമില്ല' -റിലയൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂമി വാങ്ങുന്നുവെന്ന കാര്യവും കമ്പനി നിഷേധിച്ചു. 130 േകാടി ഇന്ത്യക്കാരുടെ അന്നദാതാക്കളായ കർഷകരോട് റിലയന്‍സ് ഏറെ ബഹുമാനവും ആദരവും പുലർത്തുന്നതായും റിലയൻസ് അറിയിച്ചു.
കർഷക പ്രക്ഷോഭം ആരംഭിച്ചതോടെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ റിലയൻസ് ജിയോ ടവറിലേക്കുള്ള വൈദ്യുത വിതരണം തടസപ്പെടുത്തുകയും കേബിളുകൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. കൂടാതെ ജിയോക്കും റിലയൻസ് പെട്രോൾ പമ്പുകൾക്കും മറ്റു നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. പഞ്ചാബിലെ 9000 ജിയോ ടവറുകളിൽ ഏകദേശം 1500 എണ്ണം നിലവിൽ പ്രവർത്തന രഹിതമാണ്. ടവറിന് നാശനഷ്ടം സംഭവിച്ചതും വൈദ്യുത ലഭ്യത തടസപ്പെട്ടതും ജനറേറ്ററുകൾ കാണാതായതുമാണ് ടവറുകളുടെ പ്രവർത്തനം തടസപ്പെട്ടതെന്ന് കമ്പനി അധികൃതർ എൻ.ഡി.ടി.വിയോട് വ്യക്തമാക്കിയിരുന്നു. ഇത്തരം നാശനഷ്ടങ്ങൾ വരുത്തുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് മുന്നറിയിപ്പ് നൽകുകയും പൊലീസ് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.