ന്യൂഡൽഹി: എൻ.ഡി.എ മുൻ ഘടകകക്ഷി ശിരോമണി അകാലിദളിന്റെ പിടിവാശിക്കുമുന്നിൽ തോറ്റ് പഞ്ചാബിലെ 13 ലോക്സഭ സീറ്റുകളിലേക്കും ഒറ്റക്ക് മത്സരിക്കാൻ ബി.ജെ.പി തീരുമാനിച്ചു. പഞ്ചാബിൽ അഞ്ചോ ആറോ സീറ്റ് വേണമെന്ന് ചോദിച്ച ബി.ജെ.പിക്ക് നാലിൽ കൂടുതൽ നൽകില്ലെന്ന് ശിരോമണി അകാലിദൾ നിലപാടെടുത്തതാണ് ചർച്ച പൊളിച്ചത്. ഡൽഹിയിൽ സഖ്യത്തിലുള്ള ‘ഇൻഡ്യ’ കക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും പരസ്പരം ഏറ്റുമുട്ടുന്ന പഞ്ചാബിൽ ഇതോടെ ചതുഷ്കോണ മത്സരത്തിന് അരങ്ങൊരുങ്ങി.
നിലവിൽ പഞ്ചാബിൽനിന്ന് രണ്ട് സിറ്റിങ് എം.പിമാരുള്ള ബി.ജെ.പി തങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന കണക്കുകൂട്ടലിലാണ്. അകാലിദളിനാകട്ടെ, രണ്ട് എം.പിമാരേയുള്ളൂ. അകാലിദളിന് ഒരിക്കലും മൂന്നിൽ കൂടുതൽ എം.പിമാരെ ലഭിച്ചിട്ടുമില്ല. ചതുഷ്കോണ മത്സരത്തിൽ പ്രഗത്ഭരായ സ്ഥാനാർഥികളെ ഇറക്കി നേട്ടമുണ്ടാക്കാനാണ് ഇനി ബി.ജെ.പി നോക്കുന്നത്.
അമൃത്സറിൽ മുൻ അംബാസഡർ തരൺജിത് സന്ധുവും പട്യാലയിൽ ഈയിടെ കോൺഗ്രസ് വിട്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ച മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രിണീത് കൗറും ബി.ജെ.പി സ്ഥാനാർഥികളാകും. കോൺഗ്രസിൽനിന്നും ബി.ജെ.പിയിലേക്കുവന്ന് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായ സുനിൽ ഝാക്കർ ലുധിയാനയിലോ ഫിറോസ്പൂരിലോ മത്സരിക്കും. സീറ്റുകളുടെ എണ്ണത്തിൽ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പഞ്ചാബി ഹിന്ദുക്കളിൽ പാർട്ടിക്കുള്ള അടിത്തറ ഒറ്റക്ക് നിന്നാൽ കൂറേക്കൂടി ശക്തമാക്കാമെന്ന പ്രതീക്ഷയുമുണ്ട്. പശ്ചിമ ബംഗാളിലും തെലങ്കാനയിലും തമിഴ്നാട്ടിലും ബി.ജെ.പി തുടരുന്ന പ്രവർത്തന തന്ത്രവും ഇതുതന്നെയാണ്.
ന്യൂഡൽഹി: പഞ്ചാബിന്റെയും സിഖ് സമുദായത്തിന്റെയും സംരക്ഷണം അകാലിദളിന്റെ ഉത്തരവാദിത്തമാണെന്ന് ശിരോമണി അകാലിദൾ സംസ്ഥാന പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. ഒറ്റക്ക് മത്സരിക്കുമെന്ന ബി.ജെ.പി പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ബാദൽ. ഡൽഹി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപാർട്ടികൾ വോട്ടിനായുള്ള രാഷ്ട്രീയം മാത്രമാണ് കളിക്കുന്നത്. ഞങ്ങൾ അത്തരക്കാരല്ല. പഞ്ചാബ് ആണ് വിഷയം. കണക്കിലെ കളിയേക്കാൾ ഞങ്ങൾക്ക് പ്രധാനം തത്ത്വങ്ങളാണ്. 103 വർഷമായി ശിരോമണി അകാലിദൾ ഉണ്ടായിട്ട്. സർക്കാറുണ്ടാക്കാനായിരുന്നില്ല അതെന്നും ബാദൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.