മുംബൈ: ഡെൽറ്റ പ്ലസ് വേരിയന്‍റിനെക്കുറിച്ച് അനാവശ്യ ഭീതി വേണ്ടെന്ന് മഹാരാഷ്ട്ര കോവിഡ് 19 ടാസ്ക് ഫോഴ്സ് അംഗം ഡോ. ശശാങ്ക് ജോഷി. ഡെൽറ്റ പ്ലസ് വേരിയന്‍റ് അതീവ മാരകമാണെന്ന് തെളിയിക്കുന്നതിനുള്ള ഡാറ്റകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 മാർഗനിർദേശങ്ങൾ ശരിയായി പാലിക്കുകയാണ് ആളുകൾ ചെയ്യേണ്ടത്. മാസ്ക് ധരിക്കുകയും വാക്സിൻ എടുക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്നും ഡോ. ജോഷി പറഞ്ഞു.
മാരകമായ 21 ഡെൽറ്റ പ്ലസ് വേരിയന്‍റ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ് തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു. രത്നഗിരി, ജലഗോൺ, മുംബൈ, പൽഘർ, താനെ, സിന്ദുദുർഗ് ജില്ലകളിലാണ് ഇവ റിപ്പോർട്ട്് ചെയ്തിട്ടുള്ളത്.
ഡെൽറ്റ പ്ലസ് വേരിയന്‍റ് കേസുകൾ കേരളത്തിലും മധ്യപ്രദേശിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഈ വേരിയന്‍റ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ കരുതിയിരിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തുതന്നെ ഡെൽറ്റ പ്ലസ് വേരിയന്‍റ് കണ്ടെത്തിയ 10 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കഴിഞ്ഞ ദിവസം പറഞ്ഞു.
ഇന്ത്യക്ക് പുറമെ യു.എസ്, യു.കെ, പോർചുഗൽ, സ്വിറ്റ്സർലന്‍റ്, ജപ്പാൻ, പോളണ്ട്, നേപാൾ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഡെൽറ്റ പ്ലസ് വേരിയന്‍റ് കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.