'അയോധ്യ ബി.ജെ.പിയെ തോൽപ്പിച്ചതിൽ അതിശയിക്കാനില്ല' -അഭിഷേക് ബാനർജി

ന്യൂഡൽഹി: അയോധ്യ ബി.ജെ.പിയെ തോൽപ്പിച്ചതിൽ അതിശയിക്കാനില്ലെന്ന് തൃണമൂൽ എം.പി അഭിഷേക് ബാനർജി. എൻ.ഡി.എ നിലനിൽക്കുന്നത് ഇളകിയ മണ്ണിലാണെന്നും ഇൻഡ്യ സഖ്യം ഒറ്റക്കെട്ടാണെന്നുമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

"ഒരു മാസം മുമ്പുവരെ ബി.ജെ.പി നേതാക്കൾ പശ്ചിമ ബംഗാളിലെത്തി പാർട്ടിക്ക് 30 ലോക്‌സഭാ സീറ്റുകൾ നൽകണമെന്നും അത് ടി.എം.സി സർക്കാറിനെ വീഴ്ത്തുമെന്നും പറഞ്ഞു. വിരോധാഭാസം എന്തെന്നാൽ, ബി.ജെ.പിക്ക് 30 സീറ്റുകൾ ലഭിക്കുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾക്ക് അത് ലഭിച്ചു. ഇത്തരം കൂടുതൽ പ്രവചനങ്ങൾ നടത്താൻ ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെടുകയാണ്" -അഭിഷേക് പറഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 200 സീറ്റുകൾ ലഭിക്കുമെന്നും ഇതേ നേതാക്കൾ പ്രവചിച്ചിരുന്നു. എന്നാൽ ടി.എം.സി 215 സീറ്റുകൾ നേടി. ബംഗാളിലെ ജനങ്ങളുമായി ബി.ജെ.പിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. മോദി ഭരണകാലത്തെ വിലക്കയറ്റത്തിനും പൗരന്മാർ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള അവഗണനക്കെതിരെയുമാണ് രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്തതെന്നും അഭിഷേക് ബാനർജി പറഞ്ഞു.

വോട്ട് ലഭിക്കാൻ അവർ രാമന്‍റെ പേര് എടുക്കുകയാണെന്ന് ആളുകൾ മനസ്സിലാക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അവസരം ലഭിച്ചപ്പോൾ ജനങ്ങൾ എതിർത്ത് വോട്ട് ചെയ്ത് തോൽപ്പിച്ചു. വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡുകൾ ഹാജരാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് ഭിന്നിപ്പിനെയും വർഗീയ രാഷ്ട്രീയത്തേയും അവർ കൂട്ടുപിടിച്ചത്. വർഗീയ ശക്തികളെ പിഴുതെറിയുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - No wonder Ayodhya defeated BJP: TMC's Abhishek Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.