ഭൂമി ഒഴിപ്പിക്കൽ നോട്ടീസ്; അമർത്യ സെന്നിന്റെ അഭിഭാഷകർ കോടതിയിൽ

ശാന്തിനികേതൻ: പശ്ചിമബംഗാളിലെ വിശ്വഭാരതി സർവകലാശാല കാമ്പസിലുള്ള ‘കൈയേറ്റഭൂമി’ ഒഴിയണമെന്ന ആവശ്യത്തിനെതിരെ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെന്നിന്റെ അഭിഭാഷകർ ബിർഭൂം ജില്ല കോടതിയെ സമീപിച്ചു. മേയ് ആറിനകം ഒഴിയണമെന്നാണ് കേന്ദ്ര സർവകലാശാലയുടെ ഉത്തരവ്. ഉത്തരവ് പുറപ്പെടുവിച്ച ഏപ്രിൽ 19 മുതൽ 15 ദിവസത്തിനകമോ മേയ് ആറിനകമോ ഒഴിയണമെന്നാണ് നിർദേശം.

സെന്നിന് പാരമ്പര്യമായി ലഭിച്ച ഭൂമിയിൽ ചില കൈയേറ്റങ്ങളുണ്ടെന്നാണ് സർവകലാശാല ആരോപണം. സർവകലാശാലയുടെ ആവശ്യം നിയമവിരുദ്ധമാണെന്നു കാണിച്ചാണ് സെന്നിന്റെ അഭിഭാഷകർ ഹരജി നൽകിയത്. നേരത്തേ വാദം കേൾക്കലിനുള്ള സൗകര്യമൊരുക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകൻ ഗോരചന്ദ് ചക്രവർത്തി പറഞ്ഞു. ജൂൺ ആറുവരെ വസ്തുവിൽ തൽസ്ഥിതി തുടരണമെന്ന് പൊലീസിനോട് നിർദേശിച്ച എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ഉത്തരവും നിലവിലുണ്ട്.

വസ്തുവുമായി ബന്ധപ്പെട്ട തർക്കം സമാധാനത്തിന് ഭംഗംവരുത്താനിടയുണ്ടെന്നു കാണിച്ച് സെന്നിന്റെ കെയർടേക്കറായ ഗീതികാന്ത മജുന്ദാർ നൽകിയ ഹരജിയിലാണ് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് നേരത്തേ ഉത്തരവിട്ടത്. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ സെൻ ജൂണിൽ ഇന്ത്യയിലേക്ക് വരുമെന്നാണ് കരുതുന്നത്. വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് സർവകലാശാല വക്താവ് പ്രതികരിച്ചു.

സെന്നിനെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള ശ്രമമുണ്ടായാൽ അദ്ദേഹത്തിന്റെ ശാന്തിനികേതനിലെ വീടിനു പുറത്ത് ബുൾഡോസറുകളെ തടയാൻ നിൽക്കുന്ന ആദ്യ ആൾ താനായിരിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ബുൾഡോസറിനാണോ മനുഷ്യത്വത്തിനാണോ കൂടുതൽ ശക്തിയെന്ന് തനിക്കു കാണണമെന്നും അവർ കൂട്ടിച്ചേർത്തു. നിയമപരമായി സെന്നിന് 1.25 ഏക്കർ ഭൂമി മാത്രമാണ് കൈവശം വെക്കാനാവുകയെന്നും 1.38 ഏക്കർ ഭൂമിക്ക് അവകാശമുണ്ടാകില്ലെന്നുമാണ് സർവകലാശാല ജോയന്റ് രജിസ്ട്രാർ ആശിഷ് മഹാതോയുടെ നോട്ടീസിൽ നേരത്തേ അറിയിച്ചിരുന്നത്.

Tags:    
News Summary - Nobel Laureate Amartya Sen's lawyers move court over eviction notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.