മുംബൈ: ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാന്‍ ബി.ജെ.പിയിതര മുഖ്യമന്ത്രിമാരുമായി യോഗംചേരുമെന്ന് ശിവസേനാ എം.പി സഞ്ജയ് റാവത്ത്. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും യോഗം ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഉടനെ തന്നെ മുംബൈയിൽ ഇത്തരമൊരു സമ്മേളനം നടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, വർഗീയ ധ്രുവീകരണ ശ്രമങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് റാവത്ത് പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യം ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബി.ജെ.പിയിതര മന്ത്രിമാർക്ക് കത്തെഴുതിയിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ രാമനവമിയും ഹനുമാൻ ജയന്തിയും പ്രമാണിച്ച് നടത്തിയ ഘോഷയാത്രകൾക്കിടെയുണ്ടായ ആക്രമണങ്ങൾ വോട്ടർമാരെ ധ്രുവീകരിക്കാൻ ലക്ഷ്യമിട്ട് 'രാഷ്ട്രീയമായി സ്പോൺസർ' ചെയ്തത സംഭവങ്ങളാണെന്നും റാവത്ത് ആരോപിച്ചു.
മെയ് മൂന്നിനകം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ക്രമസമാധാനനില തകർക്കാന്‍ ശ്രമിക്കുന്ന രാജ് താക്കറെ 'പുതിയ ഹിന്ദു ഉവൈസി'യാണെന്ന് റാവത്ത് പറഞ്ഞിരുന്നു. ഹനുമാന്‍ ജയന്തി ദിനത്തിൽ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങൾ നടത്താന്‍ സംഘടിത ശ്രമങ്ങൾ നടന്നതായും പൊലീസിന്‍റെയും ജനങ്ങളുടെയും സമയോചിത ഇടപെടലിലൂടെ ഈ ശ്രമങ്ങൾ നിഷ്ഫലമായെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ ഐക്യത്തെ ഇല്ലാതാക്കാന്‍ ചില രാഷ്ട്രീയ പാർട്ടികൾ ശ്രീരാമനെയും ഹനുമാനെയും തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും രാമനവമിയും ഹനുമാൻ ജയന്തിയും പരമ്പരാഗതമായി സമാധാനത്തോടും ഐക്യത്തോടും കൂടിയാണ് ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.