നാലുവര്‍ഷം മുമ്പ് രാത്രി 8 മണിക്കാണ് ഓര്‍ക്കാപ്പുറത്തുള്ള ഒരറിയിപ്പില്‍ ഇന്ത്യയിലെ നോട്ടിൽ ഏറെയും ഒറ്റയടിക്ക് റദ്ദാക്കുകയാണ് എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മന്ത്രിമാരും തന്ത്രിമാരും വി.െഎ.പികളും സാധാരണക്കാരും തുടങ്ങി അതിൽ ഞെട്ടാത്തവർ ആരുമുണ്ടായിരുന്നില്ല. നാട്ടിലെ നോട്ടില്‍ എണ്‍പത്താറു ശതമാനവും ഇല്ലാതാക്കുക എന്ന അത്യപൂര്‍വ തീരുമാനത്തെ വിപ്ലവകരമായ നടപടിയായിട്ടാണ് ഇപ്പോഴും കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.
അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവയ്ക്ക് വൻതോതിൽ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നുവെന്നായിരുന്നു കാരണങ്ങൾ. ഇതിനു ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കറൻസി 500, 1000 രൂപയുടെ കറൻസി നോട്ടുകളായതിനാലാണ് അവ നിരോധിച്ചത്. ഒപ്പം ഡിജിെറ്റെസേഷൻ വഴി കറൻസി ഉപയോഗം കുറയ്ക്കുക എന്നുകൂടി മോദിജിയുടെ ലക്ഷ്യമായിരുന്നു.
എന്നാൽ, കഴിഞ്ഞ നാലു വർഷത്തെ അനുഭവം പരിശോധിച്ചാൽ കള്ളപ്പണവും കറൻസി ഉപയോഗവും കുറയുന്നതിനുപകരം വർധിക്കുകയാണുണ്ടായത്. കള്ളപ്പണത്തിെൻറ തിക്തഫലം അനുഭവിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ നടപടി ഇവർക്ക് സാമ്പത്തിക ദുരിതം ഇരട്ടിപ്പിച്ചു.
നോട്ടുനിരോധനത്തിലൂടെ നാലു ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത് ഖജനാവിലേക്ക് മുതൽകൂട്ടാമെന്നായിരുന്നു വലിയ വീമ്പുപറച്ചിൽ. പക്ഷേ, തിരിച്ചുവരാതിരുന്ന കറൻസി 10,730 കോടി രൂപ. എന്നാൽ പകരം നോട്ടടിക്കാൻ റിസർവ് ബാങ്കിന് ചെലവായ തുക 13,000 കോടി രൂപ! മാത്രവുമല്ല, 2015-16ൽ റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിന് 65,876 കോടി രൂപയാണ് മിച്ച ഫണ്ടായി നൽകിയതെങ്കിൽ, 2016-17 വർഷത്തിൽ പ്രസ്തുത തുക 30,659 കോടി രൂപയായി ഇടിയുകയും ചെയ്തു.
ദീർഘകാല നേട്ടങ്ങൾക്കായി താൽക്കാലിക പ്രയാസങ്ങളെ മറക്കണമെന്നതായിരുന്നു നോട്ടുനിരോധന കാലത്തെ ആപ്തവാക്യം. എന്നാൽ അർബൻ മേഖലയിലെ കുറച്ചു ക്രീമിലെയർ വിഭാഗങ്ങൾക്കു മാത്രമാണ് നോട്ടുനിരോധന കെടുതികളെ അതിജീവിക്കാനും ഡിജിറ്റൽ രീതിയിലേക്ക് നീങ്ങാനും കഴിഞ്ഞത്. ഗൂഗ്ൾ പോലുള്ള ഇൻറർനെറ്റ് ഇടപാടുകളിന്മേൽ ഒരുവിധ റിസർവ് ബാങ്ക് നിയന്ത്രണവും സാധ്യമല്ലാത്തതിനാൽ അവിടങ്ങളിൽ വൻതോതിലുള്ള കബളിപ്പിക്കലുകൾ നടക്കുന്നു.
രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് നോട്ട് നിരോധനമാണെന്ന് സാമ്പത്തിക വിദഗ്ധരെല്ലാം ഒറ്റക്കെട്ടായി ഇപ്പോൾ വിളിച്ചു പറയുന്നുണ്ട്. ഡീമോണിറ്റൈസേഷന്‍ നടപ്പാക്കിയിട്ടും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴും കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു. മൂന്നില്‍ ഒന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടിെൻറയും 10 മുതല്‍ 50 ശതമാനം വരെ പണം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നു.
കള്ളനോട്ട് ഇറക്കാനാവില്ലെന്നതായിരുന്നു 2000 രൂപയുടെ മറ്റൊരു സവിശേഷതയായി പറഞ്ഞത്. നോട്ട് വിപണിയിലിറങ്ങി ദിവസങ്ങള്‍ക്കകം കള്ളനോട്ടുമിറങ്ങി. നാഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ഒാരോ വർഷവും 28.1 കോടി രൂപയുടെ വ്യാജ നോട്ടുകള്‍ പിടിക്കുന്നു. നോട്ടുനിരോധനത്തിന് മുമ്പുള്ളതിനേക്കാൾ 76 ശതമാനം അധികമായിരുന്നു ഇത്. വ്യാജ നോട്ടുകളില്‍ അധികവും 2,000 രൂപ നോട്ടുകള്‍ ആണ് എന്നതാണ് സത്യം.
ക്യാഷ്‌ലെസ് ഇക്കണോമി നടപ്പിലാക്കുകയെന്ന ലക്ഷ്യം പൂർത്തിയാവാൻ കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനത്തിെൻറ പ്രത്യഘാതം ഏറ്റവും കൂടുതല്‍ എറ്റ് വാങ്ങേണ്ടി വന്നത് ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്കാണ്. പണത്തിെൻറ ഒഴുക്ക് നിലച്ചതോടെ കോവിഡ് കാലത്തിന് മുമ്പുതന്നെ പല കമ്പനികളും അടച്ചുപൂട്ടി. നോട്ടു നിരോധനത്തിനു പിന്നാലെ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യം അഭിമുഖീകരിച്ചത്.
നിരോധിക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 99.3% നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് പിന്നീട് വ്യക്തമാക്കിയിരുന്നു. പിന്നെ എവിടെയാണ് കള്ളപ്പണം ഉള്ളതെന്ന ചോദ്യവും നിലനിൽക്കുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പല വേദികളിലും നോട്ടുനിരോധനം സര്‍ക്കാരിെൻറ സുപ്രധാന നേട്ടമായി എടുത്തു പറഞ്ഞിരുന്നെങ്കില്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് മുതൽ ഇപ്പോള്‍ ബി.ജെ.പിയോ മോദി സര്‍ക്കാരോ നോട്ട് നിരോധനത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.