ജമ്മു: കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നിർത്തിവെച്ച ജമ്മു-ശ്രീനഗർ ദേശീയപാതയിലെ വാഹന ഗതാഗതം ശനിയാഴ്ച പുലർച്ച പുനരാരംഭിച്ചു. റംബാൻ ജില്ലയിലെ ഷെർബിബിക്ക് സമീപമുള്ള ഒറ്റയടിപ്പാതയിൽ നിരവധി സ്ഥലങ്ങളിൽ വഴുക്കലുള്ളതിനാൽ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്ന് ട്രാഫിക് വിഭാഗം നിർദേശിച്ചു.
കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 270 കിലോമീറ്റർ ഹൈവേയിലെ ഗതാഗതം വ്യാഴാഴ്ച രാവിലെയാണ് നിർത്തിവെച്ചത്. ഷെർബിബിക്ക് സമീപമുള്ള കിഷ്ത്വാർ പത്തേരിയിൽ മണ്ണിടിച്ചിലിൽ റോഡ് തകർന്നതിനെത്തുടർന്ന് നൂറുകണക്കിന് വാഹനങ്ങൾ ഇരുവശത്തും കുടുങ്ങിയിരുന്നു.
434 കിലോമീറ്റർ ശ്രീനഗർ-ലേ ദേശീയപാതയിലും ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി എന്നീ ഇരട്ട അതിർത്തി ജില്ലകളെ തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡിലും കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഇപ്പോഴും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയും മഴയും തുടരുമെന്നും യാത്ര ആരംഭിക്കുന്നതിനുമുമ്പ് ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.