ന്യൂഡൽഹി: തങ്ങൾക്കെതിരെ ഡൽഹി പൊലീസ് യു.എ.പി.എ നിയമപ്രകാരം ചുമത്തിയ കുറ്റങ്ങൾ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് ന്യൂസ്ക്ലിക് വെബ്സൈറ്റ് അധികൃതർ. ഇന്ത്യയുടെ അഖണ്ഡതക്ക് വിരുദ്ധമായനിലയിൽ ഉപയോഗപ്പെടുത്തുന്നതിന് ചൈനയിൽനിന്ന് ഫണ്ട് എത്തി, അമേരിക്കൻ വ്യവസായി നെവില്ലെ റോയ് സിംഘത്തിന്റെ ഇന്ത്യവിരുദ്ധ അജണ്ടയെ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്.
എന്നാൽ, ചൈനയിൽനിന്നോ ചൈനീസ് സ്ഥാപനങ്ങളിൽനിന്നോ പണം സ്വീകരിക്കുകയോ അവരുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് ന്യൂസ്ക്ലിക് പ്രസ്താവനയിൽ പറഞ്ഞു. അക്രമം, നിയമവിരുദ്ധ പ്രവർത്തനം തുടങ്ങിയവയൊന്നും ന്യൂസ്ക്ലിക് പ്രോത്സാഹിപ്പിച്ചിട്ടില്ല.
ന്യൂസ്ക്ലിക് നൽകിയ വാർത്തകളും ലേഖനങ്ങളുമെല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്. അതു പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്താവുന്നതേയുള്ളൂ. നീതിപീഠത്തിൽ പൂർണവിശ്വാസം അർപ്പിച്ച് കേസ് നേരിടുമെന്ന് പ്രസ്താവന വ്യക്തമാക്കി. എൻഫോഴ്സ്മെന്റ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, ഡൽഹി പൊലീസ്, ആദായനികുതി വകുപ്പ് എന്നിവയെല്ലാം ന്യൂസ്ക്ലിക്കിനെതിരെ വർഷങ്ങളായി അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ, കുറ്റപത്രമൊന്നും ഇതുവരെ രജിസ്റ്റർ ചെയ്തിരുന്നില്ല -പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.