മുകുള്‍ റോയ് ഇടയ്ക്കിടെ പാര്‍ട്ടി മാറുന്ന ആള്‍ -രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തുകയും ചെയ്ത മുകുള്‍ റോയിയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍. ഇടയ്ക്കിടെ പാര്‍ട്ടി മാറുന്ന ആളാണ് മുകുള്‍ റോയിയെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പരിഹസിച്ചു.

പണ മോഷണവും സിന്‍ഡിക്കേറ്റ് സംസ്‌കാരമുള്ള തൃൂണമൂല്‍ കോണ്‍ഗ്രസില്‍നിന്നും വരുന്ന ആളുകള്‍ക്ക് ബി.ജെ.പിയില്‍ തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. മുകുള്‍ റോയി പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് ഒരിക്കലും തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് മുകുള്‍ റോയി. ഇതെല്ലാം മുകുള്‍ റോയി കൃത്യമായ ആസൂത്രണത്തോടെ ചെയ്തതായിരിക്കണം. എന്നാല്‍, അദ്ദേഹം പാര്‍ട്ടി വിടുന്നത് ബി.ജെ.പിയെ ഒരു തരത്തിലും ബാധിക്കില്ല. ആയിരക്കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നു, പ്രശ്‌നമുള്ള ചിലര്‍ പോകുന്നു. അത് അവരുടെ വ്യക്തിപരമായ പ്രശ്‌നമാണ്, പാര്‍ട്ടിയുടേതല്ല -ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.

2017ല്‍ ബി.ജെ.പിയില്‍ ചേക്കേറിയ മുകുള്‍ റോയി കഴിഞ്ഞ ദിവസമാണ് തൃണമൂലില്‍ തിരിച്ചെത്തിയത്. സ്ഥാപകാംഗമായ മുകുള്‍ റോയിക്ക് പിന്നാലെ നിരവധി നേതാക്കള്‍ അന്ന് തൃണമൂല്‍ വിട്ടിരുന്നു. ദേശീയ പ്രസിഡന്റാക്കിയെങ്കിലും ബി.ജെ.പിക്കകത്ത് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുവെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയത്തോടെ കൂടുതല്‍ നിരാശയിലായി.

മുകുള്‍ റോയിക്ക് പിന്നാലെ പ്രമുഖ നേതാവ് രജീബ് ബാനര്‍ജിയും തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് വിവരം.

Tags:    
News Summary - Not Everyone Can Stay In BJP says Dilip Ghosh On Mukul Roy's Trinamool Return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.