ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ 'രാവണൻ' പ്രയോഗത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമഭക്തൻമാരുടെ നാട്ടിൽ വെച്ച് രാവണൻ എന്ന് വിളിച്ചത് ശരിയല്ല. ഗുജറാത്ത് രാമഭക്തൻമാരുടെ നാടാണെന്ന് കോൺഗ്രസ് ഓർക്കണം എന്നായിരുന്നു മോദിയുടെ മറുപടി. ഗുജറാത്തിലെ കാലോലിൽ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മോദിയെ ഏറ്റവും കൂടുതൽ അപമാനിക്കുന്നത് ആരാണെന്ന മത്സരമാണ് കോൺഗ്രസിൽ നടക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
കുറച്ചു ദിവസം മുമ്പ് ഒരു കോൺഗ്രസ് നേതാവ് പട്ടി ചാകുംപോലെയായിരിക്കും മോദിയുടെ മരണമെന്ന് പറഞ്ഞു. മറ്റൊരാൾ പറഞ്ഞു ഹിറ്റ്ലറുടെ അന്ത്യം പോലെയായിരിക്കും തന്റെതെന്ന്. വേറൊരാൾ പറഞ്ഞത്, എനിക്കൊരു അവസരം തന്നാൽ ഞാൻ മോദിയെ കൊലപ്പെടുത്തുമെന്നാണ്. പിന്നൊരാൾ എന്നെ രാവണനോട് ഉപമിച്ചു. ചിലർ രാക്ഷസനെന്നാണ് വിളിക്കുന്നത്, ചിലരാകട്ടെ കൂറയാണെന്നു പറഞ്ഞു നടക്കുന്നു. കോൺഗ്രസ് നേതാക്കൾ അത്തരം വാക്കുകൾ ഉപയോഗിക്കുന്നതിൽ എനിക്ക് അദുഭുതം തോന്നുന്നില്ല. രാജ്യത്തെ പ്രധാനമന്ത്രിയായ മോദിയെ അപമാനിക്കുന്നത് അവരുടെ അവകാശമാണെന്നാണ് കോൺഗ്രസുകാർ ധരിച്ചുവെച്ചിരിക്കുന്നത്. -മോദി പറഞ്ഞു.
അഹ്മദാബാദിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഖാർഗെ മോദിയെ രാവണൻ എന്ന് വിളിച്ചത്. ''മോദിജിയാണ് നമ്മുടെ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ കടമകൾ മാറ്റി വെച്ച് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്, എം.എൽ.എ തെരഞ്ഞെടുപ്പ്, എം.പി തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എല്ലാം തന്നെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. മറ്റാരേയും നോക്കണ്ട, എന്നെ മാത്രം ആലോചിച്ച് വോട്ട് ചെയ്യൂ എന്നാണ് പറയുന്നത്. എത്ര തവണ ഞങ്ങൾ നിങ്ങളുടെ മുഖം കാണണം. നിങ്ങൾക്ക് എത്ര രൂപങ്ങളുണ്ട്. നിങ്ങൾക്ക് രാവണനെ പോലെ 100 തലകളുണ്ടോ? എന്നായിരുന്നു ഖാർഗെയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.