അരവിന്ദർ സിങ് ലവ്ലി

ബി.ജെ.പിയിൽ ചേരില്ല; കോൺഗ്രസിൽ തുടരുമെന്ന് രാജിവെച്ച പി.സി.സി അധ്യക്ഷൻ

ന്യൂഡൽഹി: ബി.ജെ.പിയിലോ മറ്റു പാർട്ടികളിലോ ചേരില്ലെന്ന് രാജിവെച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി. കോൺഗ്രസിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കം മൂലമല്ല രാജിയെന്നും ആശയത്തെ ഉയർത്തിപ്പിടിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

"എന്‍റെ ഹൃദയത്തിന്‍റെ വേദനയും കോൺഗ്രസ് പ്രവർത്തകരുടെ വേദനയും ഹൈക്കമാൻഡിനെ അറിയിച്ചു. ഞാൻ മറ്റൊരു പാർട്ടിയിലും ചേരുന്നില്ല; തത്വങ്ങൾക്കുവേണ്ടിയാണ് എന്‍റെ പോരാട്ടം. രാജിവച്ചത് ലോക്സഭ ടിക്കറ്റിന് വേണ്ടിയാണെന്നത് തെറ്റായ ധാരണ മാത്രമാണ്" - അരവിന്ദർ സിങ് ലവ്ലി പറഞ്ഞു.

രാജി തനിക്ക് വേണ്ടിയല്ലെന്നും കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കേണ്ടത് എ.ഐ.സി.സിയെക്കാൾ ഡൽഹിയിലെ നേതൃത്വവുമായി കൂടിയാലോചിച്ചായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് പാർട്ടി ഡൽഹിയിൽ എ.എ.പിയുമായി സഖ്യമുണ്ടാക്കിയതിലെ അതൃപ്തി പരസ്യമാക്കിയാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സ്ഥാനം അരവിന്ദർ സിങ് ലവ്ലി രാജിവെച്ചത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രധാനപ്പെട്ട നിയമനങ്ങളൊന്നും നടത്താൻ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബ്റിയ അനുവദിച്ചിരുന്നില്ല. മുതിർന്ന നേതാവിനെ മാധ്യമവിഭാഗം തലവനാക്കാനുള്ള തന്റെ നിർദേശം തിരസ്കരിക്കപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കാനും തനിക്ക് അനുവാദം തന്നില്ല. ഡൽഹിയിൽ 150ഓളം ബ്ലോക്കുകളിൽ കോൺഗ്രസിന് പ്രസിഡന്റില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    
News Summary - 'Not Joining BJP': Lovely After Dramatically Resigning As Delhi Congress Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.