കനിമൊഴിക്ക്​ നേരിട്ട ദുരനുഭവം; അന്വേഷണത്തിന്​ ഉത്തരവിട്ടിട്ട്​ സി.ഐ.എസ്​.എഫ്

ചെന്നൈ: ഹിന്ദി ഭാഷ അറിയാത്തതി​െൻറ പേരിൽ ഇന്ത്യക്കാരിയല്ലേ എന്ന്​ സി.ഐ.എസ്​.എഫ്​ ഉദ്യോഗസ്​ഥ ചോദിച്ചതായുള്ള ഡി.എം.കെ എം.പി കനിമൊഴിയുടെ ആരോപണത്തിന്​ മറുപടിയുമായി സി.ഐ.എസ്​.എഫ് (സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സ്​)​​. ഏതെങ്കിലും ഒരു ഭാഷക്ക്​ വേണ്ടി ശാഠ്യം പിടിക്കുന്നത്​ തങ്ങളുടെ നയമല്ലെന്ന് സി.ഐ.എസ്​.എഫ്​ ട്വീറ്റ്​ ചെയ്​തു. സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. ​

ഇന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നാണ്​ കനിമൊഴി പറയുന്നത്.

'ഹിന്ദി അറിയാത്തതിനാല്‍ ഇന്ന് വിമാനത്താവളത്തില്‍ ​െവച്ച് തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഒരു സി.ഐ.എസ്​.എഫ്​​ ഉദ്യോഗസ്ഥ എന്നോട് ചോദിച്ചത് നിങ്ങൾ ഇന്ത്യാക്കാരി ആണോ എന്നാണ്​. ഹിന്ദി അറിയുന്നത് ഇന്ത്യക്കാരനാകുന്നതിന് തുല്യമാകുന്നത് എപ്പോള്‍ മുതലാണെന്നത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- കനിമൊഴി ട്വിറ്ററിൽ കുറിച്ചു. ഹിന്ദി അടിച്ചേൽപിക്കൽ എന്നതിനെ സൂചിപ്പിക്കാൻ 'ഹിന്ദി ഇമ്പോസിഷന്‍' എന്ന ഹാഷ്​ടാഗ്​ ചേർത്താണ്​ ട്വീറ്റ്​.

തൊട്ടുപിന്നാലെ കനിമൊഴിയെ പിന്തുണച്ച്​ കേൺഗ്രസ്​ എം.പി മാണിക്കം ടാഗോറും കാർത്തി ചിദംബരവും രംഗത്തെത്തി. യാത്രയുടെ വിവരങ്ങള്‍ വിമാനത്താവളത്തിന്‍റെ പേര്, സ്ഥലം, സമയം എന്നിവ നല്‍കിയാല്‍ നടപടി എടുക്കാമെന്ന്​​ സി.ഐ.എസ്.എഫ്​ ആദ്യം ട്വീറ്റ് ചെയ്​തിരുന്നു. മുൻ തമിഴ്​നാട്​ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളും തൂത്തുക്കുടിയില്‍ നിന്നുള്ള ലോക്​സഭാംഗവുമാണ്​ കനിമൊഴി.

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്​നാട്ടിൽ വിവാദം നിത്യസംഭവമാണ്​. പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപെടുന്ന ത്രിഭാഷ ഫോർമുലയാണ്​​ ഇപ്പോൾ ചർച്ചാ വിഷയം. ഹിന്ദി അടിച്ചേൽപ്പിക്കലാണ്​ ഇതെന്ന്​ കാണിച്ച്​ പുതിയ വിദ്യാഭ്യാസ നയം തമിഴ്​നാട്ടിൽ നടപ്പാക്കില്ലെന്ന്​ സംസ്​ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു.

'കേന്ദ്രത്തി​െൻറ ത്രിഭാഷ നയം തമിഴ്‌നാട് ഒരിക്കലും അംഗീകരിക്കില്ല. പുതിയ നയം ദുഃഖകരവും വേദനാജനകവുമാണ്. പ്രധാനമന്ത്രി ഉറപ്പായും ഇത് പുനഃപരിശോധിക്കണം'- മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രസ്​താവനയിലൂടെ ആവശ്യപ്പെട്ടു. 1965ൽ കോൺഗ്രസ്​ സർക്കാർ ഹിന്ദി ഒൗദ്യോഗിക ഭാഷയാക്കാൻ ശ്രമിച്ചപ്പോൾ വിദ്യാർഥികൾ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്കാണ്​ തമിഴ്​നാട്​ സാക്ഷ്യം വഹിച്ചത്​. ആ സമരമാണ്​ പിൻകാലത്ത്​ തമിഴ്​നാട്ടിൽ ദ്രാവിഡ സംഘടനകൾക്ക്​ വേരൂന്നാൻ സഹായിച്ചത്​.

ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ത്രിഭാഷ ഫോർമുലക്കെതിരെ രംഗത്ത്​ വന്നിരുന്നു. തമിഴും ഇംഗ്ലീഷുമാണ്​ നിലവിൽ തമിഴ്​നാട്ടിലെ സ്​കൂളുകളിൽ പഠിപ്പിക്കുന്നത്​. സംസ്​കൃതവും ഹിന്ദിയും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ കനിമൊഴിയും ശക്​തമായി എതിർത്തിരുന്നു. ഹിന്ദി തമിഴ്​നാട്ടിലെ സ്​കൂളുകളിൽ ഐച്ഛിക വിഷയമായാണ്​ പഠിപ്പിക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.