അഭിനവ് പ്രകാശ്, രാഹുൽ ഗാന്ധി 

രാഹുലുമായി സംവാദത്തിന് മോദി വരില്ല; പകരം യുവമോർച്ച ഉപാധ്യക്ഷനെ നിയോഗിച്ച് ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള പൊതുസംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡന്‍റ് അഭിനവ് പ്രകാശിനെ നിയോഗിച്ച് ബി.ജെ.പി. യുവമോർച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി നേതാവുമായ തേജസ്വി സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയുമായിരുന്നു സംവാദത്തിന് ക്ഷണിച്ചിരുന്നത്. സംവാദത്തിന് താൻ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും രാഹുൽ നേരത്തെ പറഞ്ഞിരുന്നു. 

‘പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഭാരതീയ ജനതാ പാർട്ടി യുവമോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്‍റ് അഭിനവ് പ്രകാശിനെ സംവാദത്തിനായി നിയോഗിക്കുകയാണ്. നിങ്ങളുടെ സമ്മതത്തിനായി ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ കുടുംബത്തിന്‍റെ പിൻഗാമിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു സാധാരണക്കാരനും തമ്മിലുള്ള ചരിത്രപരമായ സംവാദമാകും അരങ്ങേറുക’ -തേജസ്വി സൂര്യ കത്തിൽ ചൂണ്ടിക്കാട്ടി.

മുൻ ജഡ്ജിമാരായ മദൻ ബി. ലോകൂറും എ.പി. ഷായും മാധ്യമപ്രവർത്തകൻ എൻ. റാമും ചേർന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയെയും രാഹുൽ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്. നിരന്തരം ആരോപണങ്ങളും വെല്ലുവിളികളും മാത്രം കേൾക്കുന്നതിൽ പൊതുജനം അസ്വസ്ഥരാണെന്നും അവർക്ക് വസ്തുതകൾ അറിയാനുള്ള അവകാശമുണ്ടെന്നും മൂവരും ചേർന്ന് ഇവർക്ക് അയച്ച കത്തിൽ വിശദമാക്കിയിരുന്നു.

സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാൻ പ്രധാനമന്ത്രി മോദിക്ക് ധൈര്യമില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി സ്വീകരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. 56 ഇഞ്ച് നെഞ്ച് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം സംഭരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Not PM, BJP chooses young Raebareli leader for debate with Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.