ചെന്നൈ: സ്ത്രീകൾക്കെതിരായ കടുത്ത പരാമർശങ്ങൾക്ക് കാലങ്ങളായി പഴിയേറെ കേൾക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സ്ഥാനാർഥി ദിണ്ഡിഗൽ ലിയോണിയുടെ പുതിയ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന തമിഴ്നാട്ടിൽ പാർട്ടിക്കായി പ്രചാരണങ്ങൾക്കിടെയാണ് സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തി ലിയോണി കുടുങ്ങിയത്. പ്രസംഗത്തിന്‍റെ വിഡിയോ ക്ലിപ് അതിവേഗം സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുകയാണ്.
സ്ത്രീകളുടെ രൂപവും ഭാരവുമാണ് ഇത്തവണ എം.എൽ.എ മോശം ഭാഷ ഉപയോഗിച്ച് പരിഹസിച്ചത്. 'സ്ത്രീകൾക്ക് അവരുടെ ആകാരം നഷ്ടമായിരിക്കുന്നു. വീപ്പ പോലെയായിട്ടുണ്ട് അവർ'' എന്ന വാക്കുകൾക്കെതിരെ കടുത്ത വിമർശനമാണ് സംസ്ഥാനത്തും പുറത്തും ഉയരുന്നത്.
'സ്ത്രീകൾ വിദേശ പശുക്കളുടെ പാൽ കുടിക്കുകയാണ്. അതുകൊണ്ടാണ് അവർ തടികൂടിക്കൊണ്ടിരിക്കുന്നത്. മുമ്പ് അവർ തടി കുറഞ്ഞിട്ടായിരുന്നു. ഇടുപ്പ് ഭാഗം മെലിഞ്ഞിട്ടും.
'ഗോശാലകളിൽ വിദേശ പശുക്കളുടെ കറവക്ക് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ആ പാലുകളാണ് കുടിക്കുന്നത്. വീപ്പ പോലെ തടിച്ചതോടെ കുട്ടികളെ എടുക്കാൻ പോലും അവർക്ക് സാധിക്കാതായി'' - ഡിണ്ഡിഗൽ ലിയോണി പറഞ്ഞു.
പ്രസംഗം കൊഴുത്തതോടെ ഇടയിൽ കയറി പാർട്ടി പ്രവർത്തകരിലൊരാൾ വാക്കുകൾ മുറിക്കാൻ ശ്രമം നടത്തിയെങ്കിലും എം.എൽ.എ വഴങ്ങിയില്ല.
വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇത് പങ്കുവെച്ച ബി.ജെ.പി നാണക്കേടാണെന്ന് പ്രതികരിച്ചു. എന്നാൽ, മുമ്പ് ബി.ജെ.പി ബംഗാൾ ഘടകം പ്രസിഡന്‍റ് ദിലീപ് ഘോഷ് വനിതകളെയും പശുക്കളെയും ചേർത്ത് നടത്തിയ പ്രസംഗവും ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.