നാഗ്പൂർ: ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ മുഖ്യ അതിഥിയായി പെങ്കടുക്കാനുള്ള ക്ഷണം സ്വീകരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെ രംഗത്ത്. മുൻ രാഷ്ട്രപതി ആർ.എസ്.എസ് ക്ഷണം സ്വീകരിച്ചതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രണബ് മുഖർജി ഒരു മതേതര വ്യക്തിയാണ്. എല്ലായ്പ്പോഴും മതേതര കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്ന അദ്ദേഹം അതു തന്നെ ആർ.എസ്.എസ് പരിപാടിയിലും അവതരിപ്പിക്കും. മികച്ച ചിന്തകനായ അദ്ദേഹം അവിടെ പോവുകയും ആ വേദിയിൽ സംസാരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും ഷിൻഡെ പറഞ്ഞു. പ്രണബ് മുഖർജിയുടെ ചിന്തകൾ ആർ.എസ്.എസിൽ അൽപമെങ്കിലും മികവ് വരുത്തുകയാണെങ്കിൽ തങ്ങൾ ഏറെ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷിൻഡെ.
ജൂൺ ഏഴിന് നടക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ പരിശീലന പരിപാടിയുടെ സമാപനയോഗത്തിൽ മുഖ്യാതിഥിയായാണ് പ്രണബ് മുഖർജിയെ ക്ഷണിച്ചിരിക്കുന്നത്. ആർ.എസ്.എസ് ക്ഷണം സ്വീകരിച്ച പ്രണബ് മുഖർജിയുടെ തീരുമാനത്തിനെതിരെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ പുകയുകയാണ്. പെങ്കടുക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.