നോട്ട് പ്രതിസന്ധി: സമ്മര്‍ദം ശക്തമാക്കി പ്രതിപക്ഷം

ന്യൂഡല്‍ഹി: നോട്ട് വിഷയത്തില്‍ പ്രതിരോധത്തിലായ മോദി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ പ്രതിപക്ഷത്ത് കൂട്ടായ നീക്കം.  പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും തിങ്കളാഴ്ചയും സ്തംഭിപ്പിച്ചതിനു പിന്നാലെ, ജനങ്ങളുടെ ദുരിതം ഉയര്‍ത്തിക്കാട്ടി സഭക്കു പുറത്തും സമരം ശക്തമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. അഖിലേന്ത്യ ബന്ദ് പ്രഖ്യാപിക്കാനുള്ള  ആലോചന പുരോഗമിക്കുകയാണ്.

നോട്ട് അസാധു തീരുമാനം പ്രധാനമന്ത്രി സ്വന്തക്കാരായ കോര്‍പറേറ്റുകള്‍ക്ക് ചോര്‍ത്തിനല്‍കിയത് മുഖ്യപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരും. സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി) അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ടി.എം.സി, ഇടതുപാര്‍ട്ടികള്‍, ഡി.എം.കെ, ജെ.ഡി.യു, എന്‍.സി.പി., ആര്‍.ജെ.ഡി തുടങ്ങി 10 കക്ഷികളുടെ നേതാക്കള്‍  ബുധനാഴ്ച പാര്‍ലമെന്‍റിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ ധര്‍ണ നടത്തും. തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തി രാഷ്ട്രപതിയെ കണ്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെടും.

നോട്ട് നിരോധനം പിന്‍വലിക്കാന്‍ ഞായറാഴ്ചവരെ അന്ത്യശാസനം നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവരും പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇരു പാര്‍ട്ടികളും   ചൊവ്വാഴ്ച  പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തും. മമത ബാനര്‍ജിയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മാര്‍ച്ച് നയിക്കും. നോട്ട് നിരോധനത്തിനെതിരെ  വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധറാലി നടത്താന്‍ മമതയും കെജ്രിവാളും തീരുമാനിച്ചിട്ടുണ്ട്.  നിലവില്‍ പഞ്ചാബ് സന്ദര്‍ശിക്കുന്ന കെജ്രിവാള്‍ അടുത്ത ദിവസങ്ങളില്‍  പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി, ലഖ്നോ, മീറത്ത് എന്നിവിടങ്ങളില്‍ നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധ റാലി നടത്തും.

യു.പി, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുക.    അതേസമയം, ബാങ്കുകളില്‍ പരമാവധി പണമത്തെിച്ച് പ്രയാസം ലഘൂകരിച്ച് പ്രതിപക്ഷ സമ്മര്‍ദം ചെറുക്കാനാണ് ഭരണപക്ഷത്തെ തീരുമാനം.  നോട്ട് പ്രതിസന്ധിയെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്ക് പ്രധാനമന്ത്രിതന്നെ മറുപടി പറയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. എന്നാല്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മറുപടി പറയാമെന്നാണ് സര്‍ക്കാറിന്‍െറ നിലപാട്. ഇതേച്ചൊല്ലിയുള്ള ബഹളത്തില്‍ തിങ്കളാഴ്ച സഭ പലകുറി നിര്‍ത്തിവെക്കേണ്ടിവന്നു.

ലോക്സഭയില്‍ വോട്ടെടുപ്പോടെയുള്ള അടിയന്തരപ്രമേയവും ചര്‍ച്ചയും അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. എന്നാല്‍, വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചക്കു മാത്രമാണ് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചത്. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ചതോടെ തിങ്കളാഴ്ചയും സഭാനടപടികള്‍ പൂര്‍ണമായും തടസ്സപ്പെട്ടു.

സ്വയം ടി.വിയില്‍ കാണിക്കാന്‍ ശ്രമിക്കുകയാണോയെന്നും അങ്ങനെയെങ്കില്‍ താന്‍ ലോക്സഭാ  ടി.വിയോട് അപ്രകാരം ആവശ്യപ്പെടാമെന്നും സ്പീക്കര്‍ പറഞ്ഞത് പ്രതിപക്ഷ അംഗങ്ങളെ രോഷാകുലരാക്കി. ടി.വിയില്‍ പ്രത്യക്ഷപ്പെടാന്‍വേണ്ടി മാത്രം നടക്കുന്നവരല്ല തങ്ങളെന്ന മറുപടിയുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങിയതോടെ സഭ നിര്‍ത്തിവെക്കേണ്ടിവന്നു. 

സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം അടങ്ങിയില്ല. ഈ സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഭയിലുണ്ടായിരുന്നു.  സാമ്പത്തിക അടിയന്തരാവസ്ഥ എന്നെഴുതിയ കറുത്ത  പ്ളക്കാര്‍ഡുകളുമേന്തിയാണ് ടി.എം.സി അംഗങ്ങള്‍ ലോക്സഭയിലത്തെിയത്.   തിങ്കളാഴ്ച രാവിലെ ചേര്‍ന്ന  പ്രതിപക്ഷകക്ഷികളുടെ  യോഗത്തില്‍ രാഹുല്‍ ഗാന്ധി,  ഗുലാം നബി ആസാദ്,  സീതാറാം യെച്ചൂരി, ഡി. രാജ, തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രിയന്‍, സുദീപ് ബന്ദോപാധ്യായ, ജെ.ഡി.യു നേതാവ് ശരദ് യാദവ്, ബി.എസ്.പി നേതാവ് സതീഷ് മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - note ban, oppositin increases the pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.