നോട്ട് പിന്‍വലിക്കല്‍:  പ്രതിഷേധ മാര്‍ച്ചിനൊപ്പം ശിവസേനയും

ന്യൂഡല്‍ഹി: മുന്തിയ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ തീരുമാനം ഉടനടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്ക് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ മാര്‍ച്ച്.

ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന ഈ മാര്‍ച്ചില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. തൃണമൂലിനും ശിവസേനക്കും പുറമെ, ആം ആദ്മി പാര്‍ട്ടിയുടെയും നാഷനല്‍ കോണ്‍ഫറന്‍സിന്‍െറയും നേതാക്കളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അതേസമയം, കോണ്‍ഗ്രസ്, സി.പി.എം, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങി മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രതിഷേധവുമായി സഹകരിച്ചില്ല.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായിരിക്കുന്ന സാമ്പത്തിക അരാജകത്വം ചൂണ്ടിക്കാട്ടി മമതയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കി. ജമ്മു-കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത്സിങ് മാന്‍, ശിവസേന നേതാവ് ചന്ദ്രകാന്ത് ഖരെ എന്നിവര്‍ മമതക്കൊപ്പം മാര്‍ച്ച് നയിച്ചു. വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് രാഷ്ട്രപതി ഉറപ്പു നല്‍കിയതായി നേതാക്കള്‍ പിന്നീട് വാര്‍ത്താലേഖകരെ അറിയിച്ചു.

രണ്ടു സിറ്റിങ് എം.പിമാരുടെ നിര്യാണത്തില്‍ അനുശോചിച്ച് മറ്റു നടപടികളിലേക്കു കടക്കാതെ ലോക്സഭ ആദ്യ ദിവസം പിരിഞ്ഞതിനാല്‍ വ്യാഴാഴ്ച നോട്ട് അസാധുവാക്കല്‍ പ്രശ്നത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് മമത പറഞ്ഞു. ഭരണ-പ്രതിപക്ഷ ഭേദം ഈ വിഷയത്തില്‍ ആവശ്യമില്ളെന്നും സാധാരണക്കാരെ ദുരന്തത്തില്‍നിന്ന് രക്ഷിക്കുകയാണ് ഇപ്പോഴത്തെ ആവശ്യമെന്നും  മമത കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്‍െറയും സി.പി.എമ്മിന്‍െറയും നേതൃത്വത്തില്‍ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിക്കുന്നതിനു മുമ്പേ മമത ‘ഗോളടിച്ച’തിനോടു യോജിക്കാനാവില്ളെന്നാണ് കോണ്‍ഗ്രസിന്‍െറയും മറ്റും നിലപാട്. സി.പി.എമ്മിനാകട്ടെ, മമതയോട് സര്‍ക്കാറിനെതിരായ സമരത്തിലും യോജിക്കാന്‍ രാഷ്ട്രീയമായ പ്രയാസമുണ്ട്. കോണ്‍ഗ്രസും സി.പി.എമ്മും നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Notes Ban Pairs Mamata Banerjee With BJP Ally Sena In Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.