ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിന് ഡൽഹിയിൽ 15 പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. 'ഞാനും ചോദിക്കുന്നു, നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തിന് വിദേശരാജ്യങ്ങൾക്ക് അയച്ചുകൊടുത്തു? വരൂ, എന്നെയും അറസ്റ്റ് ചെയ്യൂ' -പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. തൃണമൂൽ എം.പി മെഹുവ മൊയ്ത്രയുടെ ഇതുസംബന്ധിച്ച ട്വീറ്റ് പങ്കുവെച്ചിട്ടുമുണ്ട്.
കോവിഡ് പ്രതിരോധം, വാക്സിൻ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ വീഴ്ച തുറന്നുകാട്ടി പോസ്റ്റർ പതിച്ചതിനാണ് ഡൽഹിയിൽ ഇന്നലെ 15 പേരെ അറസ്റ്റ് ചെയ്തത്.
'നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തിന് വിദേശരാജ്യങ്ങൾക്ക് അയച്ചുകൊടുത്തു?' തുടങ്ങിയ ചോദ്യങ്ങളാണ് ഡൽഹിയിൽ പല ഭാഗങ്ങളിലായി പതിച്ച പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ചിലർ പൊലീസിൽ പരാതിപ്പെട്ടപ്പോൾ ഉടൻ 17 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും 15 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നിയമ വ്യവസ്ഥയെ അനാദരിച്ചു, പൊതുസ്ഥലം വൃത്തികേടാക്കി എന്നിവ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ആരൊക്കെയാണ് പോസ്റ്റർ ഇറക്കിയതിനു പിന്നിൽ പ്രവർത്തിച്ചതെന്ന അന്വേഷണത്തിലാണ് ഡൽഹി പൊലീസ്. അതനുസരിച്ച് കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് വിശദീകരിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിൽനിന്നാണ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പശ്ചിമ ഡൽഹി, സെൻട്രൽ ഡൽഹി തുടങ്ങിയ മേഖലകളിൽ നിന്നാണ് മറ്റ് അറസ്റ്റുകൾ.
500 രൂപ പ്രതിഫലമായി കിട്ടിയേപ്പാൾ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങുകയായിരുന്നു എന്നാണ് വടക്കൻ ഡൽഹിയിൽ അറസ്റ്റിലായ ഒരാൾ പൊലീസിനോട് പറഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുള്ള വിപുല അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.